'മകന്റെ താടിയാണോ അവര്‍ക്ക് പ്രശ്‌നം'; വിമാനത്താവളത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതിനെതിരേ അബ്ദുല്‍ വഹാബ് എംപി

Update: 2022-11-07 05:37 GMT

മലപ്പുറം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മകനെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച കസ്റ്റംസിനെതിരേ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ് എംപി പി വി അബ്ദുല്‍ വഹാബ് രംഗത്ത്. മകന് താടിയുണ്ടായിരുന്നത് കൊണ്ടാണോ എംപിയുടെ മകനാണ് എന്നറിഞ്ഞിട്ടും വസ്ത്രമുരിഞ്ഞ് പരിശോധിച്ചതെന്ന് വഹാബ് ചോദിച്ചു. ആ മാസം ഒന്നിന് ശ്രീകാന്ത് എന്ന സുഹൃത്തിന്റെ വിവാഹത്തിനായി വിദേശത്ത് പോയി വന്നപ്പോഴാണ് അബ്ദുല്‍ വഹാബ് എംപിയുടെ മകന്‍ ജാവിദ് അബ്ദുല്‍ വഹാബിനെ കസ്റ്റംസ് വസ്ത്രമുരിഞ്ഞ് പരിശോധിച്ചത്.

സംശയങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. ആരെങ്കിലും എഴുതിക്കൊടുത്തിട്ടുണ്ടാവും, കംപ്യൂട്ടറില്‍ ചിലപ്പോ വന്നിട്ടുണ്ടാവും. മകന് കുറച്ച് താടിയുണ്ട്, ചിലപ്പോ അതുകൊണ്ടാവാം. പക്ഷേ, മകന്റെ തുണി അഴിപ്പിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യല്‍ പ്രൊഫൈല്‍ ഒന്ന് നോക്കാവുന്നതായിരുന്നു. എംപിയുടെ മകനാണെന്ന് പറഞ്ഞിട്ട് ഒന്നുകൂടി ചെക്ക് ചെയ്‌തെന്നും അബ്ദുല്‍ വഹാബ് ആരോപിച്ചു.

എംപിയുടെ മകനാണെന്നു സ്ഥിരീകരിച്ചിട്ടും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തി. ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് എക്‌സ്‌റേ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എക്‌സ്‌റേ പരിശോധനയ്ക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്‌ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എക്‌സ്‌റേ പരിശോധനയിലും ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ജാവിദിനെ വിട്ടയച്ചെന്നും വഹാബ് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സര്‍ക്കാരിനും കസ്റ്റംസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതുകൊണ്ടാണ് ജാവിദ് അബ്ദുല്‍ വഹാബിനെ പരിശോധിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്. യാത്രക്കാരുടെ പട്ടിക വന്നപ്പോള്‍ എംപിയുടെ മകന്റെ പേരിനൊപ്പം ലുക്ക് ഔട്ട് ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു.

Tags:    

Similar News