രാജ്യസഭ ഇവിടെത്തന്നെയുണ്ടെങ്കില്‍ വീണ്ടും വരാമെന്ന് പി വി അബ്ദുല്‍ വഹാബ് എം പി; അതോര്‍ത്ത് ആശങ്കപ്പെടേണ്ടെന്ന് വെങ്കയ്യനായിഡു
ഡല്‍ഹി സര്‍ക്കാറിന്റെ പല അധികാരങ്ങളും ഒരൊറ്റ രാത്രി കൊണ്ടാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഏറ്റെടുത്തത്. അതുപോലെ രാജ്യസഭയുടെ അധികാരങ്ങളും ആരെങ്കിലും കവര്‍ന്നെടുക്കുമോ എന്നറിയില്ലെന്നും വഹാബ് പറഞ്ഞു
ന്യൂഡല്‍ഹി: രാജ്യസഭ ഇതേപോലെ ഇവിടെത്തനെയുണ്ടെങ്കില്‍ വീണ്ടും തിരികെ എത്താമെന്ന് കാലാവധി കഴിഞ്ഞ് പിരിയുന്ന രാജ്യസഭ അംഗം പി വി അബ്ദുല്‍ വഹാബ്. രാജ്യസഭ ഇവിടെത്തന്നെയുണ്ടാകുമെന്നും താങ്കള്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിന്റെ മറുപടി. ഏപ്രില്‍ 21നു വിരമിക്കുന്ന വയലാര്‍ രവി (കോണ്‍ഗ്രസ്), കെ.കെ. രാഗേഷ് (സിപിഎം) എന്നിവര്‍ക്കൊപ്പം രാജ്യസഭ നല്‍കിയ യാത്രയയപ്പില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു പി വി അബ്ദുല്‍ വഹാബ്.
വാജ്‌പേയി, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി എന്നീ 3 പേരുടെ കാലഘട്ടത്തില്‍ രാജ്യസഭയിലുണ്ടായിരുന്ന കാര്യം ആമുഖമായി പറഞ്ഞായിരുന്നു അബ്ദുല്‍ വഹാബിന്റെ പ്രസംഗം. ആദ്യമായി രാജ്യസഭയിലെത്തിയപ്പോള്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായ വി രാജഗോപാല്‍ പല കാര്യങ്ങളിലും സഹായിച്ചു. എ വിജയരാഘവനും അബ്ദുസ്സമദ് സമദാനിയും പല കാര്യങ്ങളിലും സഹായം നല്‍കിയെന്നും വഹാബ് പറഞ്ഞു. മൂന്നു ടേം പൂര്‍ത്തിയാക്കി പോകുകയാണ്. രാജ്യസഭ ഇവിടെത്തന്നെയുണ്ടെങ്കില്‍ സാധിച്ചാല്‍ ഇനിയും തിരിച്ചുവരാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍ക്കാറിന്റെ പല അധികാരങ്ങളും ഒരൊറ്റ രാത്രി കൊണ്ടാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഏറ്റെടുത്തത്. അതുപോലെ രാജ്യസഭയുടെ അധികാരങ്ങളും ആരെങ്കിലും കവര്‍ന്നെടുക്കുമോ എന്നറിയില്ലെന്നും വഹാബ് പറഞ്ഞു. വഹാബിന്റെ പരാമര്‍ശം കൈയ്യടികളോടെയാണ് രാജ്യസഭ സ്വീകരിച്ചത്.
രാജ്യസഭ ഇവിടെത്തന്നെയുണ്ടാകുമെന്നും താങ്കള്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു ദൈവം ഉദ്ദേശിച്ചാല്‍ വീണ്ടും ഇവിടെ എത്തട്ടെ എന്നും ആശംസിച്ചു. പ്രസംഗത്തിനിടയില്‍ രാജ്യസഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വഹാബ് നന്ദി പറഞ്ഞു. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും മോദി സര്‍ക്കാരിന്റെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതി അനുവദിച്ചതിന് നന്ദിയുണ്ടെന്നും അതു ഫലപ്രദമായി നടപ്പാക്കാന്‍ സാധ്യമായ ശ്രമം നടത്തിയതായും ദേശീയ തലത്തില്‍ അഞ്ചാം സ്ഥാനം ലഭിച്ചതായും വഹാബ് പറഞ്ഞു.
വീഡിയോ കടപ്പാട് : രാജ്യസഭ ടിവി