ചെന്നൈ: പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവെന്ന സംഗീത ബാന്റിന്റെ പാട്ടില്‍ മോദി എന്നത് ആവര്‍ത്തിച്ചതിന് വിലക്കുമായി തമിഴ്‌നാട് പോലിസ്. ചെന്നൈയില്‍ നടന്ന ജാതിരഹിത കൂട്ടായ്മയ്ക്കിടയിലായിരുന്നു സംഭവം. പാട്ടില്‍ മോദി എന്ന പേര് ആവര്‍ത്തിച്ച് വന്നതിന്റെ പേരിലാണ് ബാന്റിനെ പാട്ടുപാടുന്നതില്‍ നിന്നും പോലിസ് വിലക്കിയത്. സാംസ്‌കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും എന്നാല്‍, പ്രധാനമന്ത്രിയെ കുറിച്ച് പാടിയതോടെ രാഷ്ട്രീയമായ കാര്യങ്ങളിലേക്ക് പരിപാടി മാറിയെന്നും പോലിസ് പറയുന്നു. എന്നാല്‍, രാജ്യത്തിന്റെ ആകെയുള്ള അവസ്ഥയെ കുറിച്ചാണ് തങ്ങള്‍ പാടിയതെന്ന് കാസ്റ്റ്‌ലെസ് കളക്ടീവ് പറഞ്ഞു. മോദി എന്നത് ലളിത് മോദിയോ നീരവ് മോദിയോ ഒക്കെ ആകാം. പോലിസിന്റെ നടപടി ആവിഷ്‌കാര സ്വതന്ത്ര്യത്തിനന്മേലുള്ള കടന്ന് കയറ്റമാണെന്നും സംഘാടകര്‍ ആരോപിച്ചു. നേരത്തെ, ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ച് രംഗത്തെത്തിയ സംഘമാണ് കാസ്റ്റ്‌ലെസ് കളക്ടീവ്.