കര്‍ത്താര്‍പൂര്‍ കോറിഡോറില്‍ ആദ്യ ദിനത്തിലും സൗജന്യ യാത്രയില്ല; നിലാപട് മാറ്റി പാക് ഭരണകൂടം
തീരുമാനത്തില്‍ പൊടുന്നനെയുള്ള മാറ്റം തീര്‍ത്ഥാടകര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തടസ്സപ്പെടുത്തി.
കര്‍ത്താര്‍പൂര്‍: കര്‍ത്താര്‍പൂര്‍ കോറിഡോറിലൂടെ ആദ്യ ദിനം സൗജന്യയാത്ര അനുവദിക്കുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി പാക് ഭരണകൂടം. കോറിഡോര്‍ ഉദ്ഘാടനം ചെയ്യുന്ന ആദ്യ ദിനത്തിലും ഗുരുനാനാക്കിന്റെ 550 ാം ജന്മദിനത്തിലും യാത്ര സൗജന്യമായിരിക്കുമെന്ന് ഇമ്രാന്‍ഖാന്‍ നവംബര്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്നാണ് പാക് ഭരണകൂടം ഇപ്പോള്‍ പിന്‍മാറിയിരിക്കുന്നത്.
പാകിസ്താനിലെ കര്‍ത്താര്‍പൂരില്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ ഈ കോറിഡോര്‍ വഴിയാണ് കടന്നുപോകുന്നത്. പുതിയ തീരുമാനമനസരിച്ച് പ്രവേശനഫീസ് 20 ഡോളറാണ്.
ഗുര്‍ദാസ്പൂരിനെയും കര്‍ത്താര്‍പൂരിനെയും ബന്ധിപ്പിക്കുന്ന റോഡാണ് കര്‍ത്താര്‍പൂര്‍ കോറിഡോര്‍. റോഡിന്റെ ഗുരുദാസ്പൂര്‍ ഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നാളെ നിര്‍വഹിക്കും. അതേസമയം തന്നെ അങ്ങേയറ്റം ഇമ്രാന്‍ഖാന്‍ തുറന്നതായി പ്രഖ്യാപിക്കുകയും ചെയ്യും. തീരുമാനത്തില്‍ പൊടുന്നനെയുള്ള മാറ്റം തീര്‍ത്ഥാടകര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തടസ്സപ്പെടുത്തി.
കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബര്‍ സാഹിബ് തീര്‍ത്ഥാടവും ഗുരുനാനാക്കിന്റെ 550 ാം ജന്മവാര്‍ഷികവും ഈ നവംബര്‍ 12 നാണ് ആരംഭിക്കുന്നത്. ആഘോഷ പരിപാടികള്‍ ഒരു വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കും. ഒരു ദിവസം അയ്യായിരം തീര്‍ത്ഥാടകര്‍ക്കാണ് അനുമതി. സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിനെ അടക്കം ചെയ്തിട്ടുള്ളത് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലാണ്.