പാകിസ്താന് രഹസ്യങ്ങള്‍ കൈമാറിയെന്ന് ആരോപണം; മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥനെതിരേ അന്വേഷണം

Update: 2021-11-29 11:54 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 'ഭീകരവാദ'വുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ അന്വേഷിച്ച മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥനെതിരേ അതേ ഏജന്‍സിയുടെ അന്വേഷണം. എന്‍ഐഎ കണ്ടെത്തിയ ചില വിവരങ്ങള്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വഴി പാകിസ്താന്‍ സര്‍ക്കാരിന് കൈമാറിയെന്നാണ് ആരോപണം.

ജമ്മു കശ്മീരില്‍ ഇത്തരം നിരവധി കേസുകള്‍ കൈകാര്യം ചെയ്ത അരവിന്ദ് ദിഗ്‌വിജയ് നേഗിക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേശ് വഴി അരവിന്ദ് ദിഗ്‌വിജയ് നേഗി വിവരങ്ങള്‍ പാകിസ്താന് കൈമാറിയെന്ന് എന്‍ഐഎ പറയുന്നു. ഖുറം പര്‍വേശിനെ യുഎപിഎ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 

ഐബിയാണ് അരവിന്ദിനെതിരേ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറിയത്. കശ്മീര്‍ പോലിസില്‍ നിന്ന് എന്‍ഐഎയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ അരവിന്ദിന് ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ചതിലെ മികവിന്റെ പേരില്‍ പോലിസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.

ഡെപ്യൂട്ടേഷനില്‍ എന്‍ഐഎയിലെത്തി 11 കൊല്ലം ജോലി ചെയ്ത നേഗി വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ വിട്ടിരുന്നു. നേഗിക്കെതിരേ ചാരവൃത്തിയ്ക്കും ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിലിരിക്കുന്ന ഒരാളെക്കുറിച്ചുള്ള വിവരങ്ങളാണ് നേഗി പാകിസ്താന് കൈമാറിയതത്രെ.

കഴിഞ്ഞ ദിവസം നേഗിയുടെയും പര്‍വേശിന്റെയും വസതികളും ഓഫിസുകളും പരിശോധിച്ചിരുന്നു.

ഭീകരവാദ സംഘടനകള്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് 2020ല്‍ പര്‍വേശിന്റെ വീട് റെയ്ഡ് ചെയ്ത സമയത്ത് നേഗി എന്‍ഐഎയിലുണ്ടായിരുന്നു.

അരവിന്ദ് എന്‍ഐഎയിലുള്ള സമയത്ത് കള്ളനോട്ട് കേസുകളും ഐഎസ് റിക്രൂട്ട്‌മെന്റ് കേസും എംബിബിഎസ് പ്രവേശനതട്ടിപ്പ് കേസും കൈകാര്യം ചെയ്തിട്ടുണ്ട്.

Tags:    

Similar News