പാകിസ്താന്‍ ഇന്ത്യക്കെതിരേ നിഴല്‍യുദ്ധം നടത്തുന്നുവെന്ന് പ്രതിരോധ മന്ത്രി

Update: 2021-08-29 08:37 GMT

ഊട്ടി: രണ്ട് യുദ്ധങ്ങളിലും തോറ്റുപോയ പാകിസ്താന്‍ അവസാന ശ്രമമെന്ന നിലയില്‍ ഇന്ത്യക്കെതിരേ നിഴല്‍യുദ്ധം നടത്തുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആരോപിച്ചു. ഭീകരവാദം ആ രാജ്യത്തിന്റെ അവിഭാജ്യഘടകമായതായും അദ്ദേഹം ആരോപിച്ചു.

വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇന്ത്യക്കെതിരേയുള്ള രണ്ട് യുദ്ധങ്ങളിലും നമ്മുടെ ഒരു അയല്‍രാജ്യം തോറ്റുപോയി. അതിനുശേഷം അവര്‍ നമുക്കെതിരേ നിഴല്‍യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഭീകരത അവരുടെ രാജ്യത്തിന്റെ നയമാണ്. അവര്‍ ഇന്ത്യയെ ലക്ഷ്യം വച്ച് ഭീകരര്‍ക്ക് പണവും പരിശീലനും ആയുധവും നല്‍കുന്നു''-അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്ര സുരക്ഷയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യ നമ്മുടെ രാജ്യത്ത് ഭീകരവാദം ഇല്ലാതാക്കുക മാത്രമല്ല, ആവശ്യമെങ്കില്‍ അവരുടെ രാജ്യത്ത് ഭീകരവിരുദ്ധയുദ്ധം നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഇന്ത്യയും പാക്‌സ്താനും തമ്മില്‍ വെടിനിര്‍ത്തലുണ്ടെങ്കില്‍ അത് ഇന്ത്യയുടെ കഴിവുകൊണ്ടാണെന്ന് രാജ്‌നാധ് സിങ് അവകാശപ്പെട്ടു. 

Tags:    

Similar News