ലോകകപ്പില്‍ പാകിസ്താന്‍ 191ന് പുറത്ത്;അഹമ്മദാബാദില്‍ ഇന്ത്യക്ക് മുന്‍തൂക്കം
അഹമ്മദാബാദ്: ലോകകപ്പിലെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ പാകിസ്താനെ 191ന് പുറത്താക്കി ഇന്ത്യ. കേവലം 42.5 ഓവറില്‍ പാകിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹുമ്മദ് റിസ്വാന്‍ 49 റണ്‍സ് നേടി. ഏഴ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് പാകിസ്താനെ പ്രതിരോധത്തിലാക്കിയത്. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.
മോശമല്ലാത്ത തുടക്കമായിരുന്നു പാകിസ്താന്. ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് (20) ഇമാം ഉള്‍ ഹഖ് (36) സഖ്യം മികച്ച് നിന്നു. ഷെഫീഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടിചേര്‍ത്ത് ഇമാമും മടങ്ങി. ഹാര്‍ദിക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അസം - റിസ്വാന്‍ സഖ്യമാണ് പാകിസ്ഥസ്താനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 82 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ ബാബര്‍ മടങ്ങി. മുഹമ്മദ് സിറാജാണ് ബാബറിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. 58 പന്തുകള്‍ നേരിട്ട താരം ഏഴ് ബൗണ്ടറികള്‍ നേടി. പിന്നാലെ പാകിസ്താന്റെ മധ്യനിര നിരുപാധികം കീഴടങ്ങി. സൗദി ഷക്കീല്‍ (6), ഇഫ്തിഖര്‍ അഹമ്മദ് (4), ഷദാബ് ഖാന്‍ (2), മുഹമ്മദ് നവാസ് (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വാലറ്റക്കാരില്‍ ഹസന്‍ അലി (12) മാത്രമാണ് രണ്ടക്കം കണ്ടത്. ഹാരിസ് റൗഫാണ് (2) പുറത്തായ മറ്റൊരു താരം. ഷഹീന്‍ അഫ്രീദി (2) പുറത്താവാതെ നിന്നു. പാകിസ്താന്റെ ഇന്നിംഗ്സില്‍ ഒരു സിക്സ് പോലും ഉണ്ടായിരുന്നില്ല.അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ പാകിസ്താനെതിരായ ഇറങ്ങിയത്. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.