അഫ്ഗാന്‍ സര്‍ക്കാറുമായി ബന്ധം സ്ഥാപിക്കണമെന്ന് ലോക രാജ്യങ്ങളോട് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ഇസ്‌ലാമാബാദ്: അഫ്ഗാന്‍ സര്‍ക്കാറുമായി ബന്ധം സ്ഥാപിക്കണമെന്ന് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ട് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. ബന്ധം ആരംഭിക്കുന്നില്ലെങ്കില്‍ അഫ്ഗാനിസ്താന്‍ മുന്‍ താലിബാന്‍ സര്‍ക്കാറിന്റെ കാലത്തെ അസ്ഥിരതയിലേക്ക് മടങ്ങിവരുമെന്നും അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറാകണമെന്നും പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊഈദ് യുസുഫ് പറഞ്ഞു.
പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ബുധനാഴ്ച വിദേശ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മൊഈദ് യൂസഫ് അന്താരാഷ്ട്ര സമൂഹത്തോട് പഴയ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടു. 'കഴിഞ്ഞകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം ലോകം മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്താനില്‍ സമാധാനവും സ്ഥിരതയും തേടേണ്ടത് അനിവാര്യമാണ്, അതാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' ' അദ്ദേഹം പറഞ്ഞു.