പാക് ആണവ ശാസ്ത്രജ്ഞന്‍ അബ്ദുള്‍ ഖാദര്‍ ഖാന്‍ നിര്യാതനായി

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളോടെ ഇസ്‌ലാമാബാദിലെ കെആര്‍എല്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം മരിച്ചതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പിടിവി റിപോര്‍ട്ട് ചെയ്തു.

Update: 2021-10-10 07:42 GMT

ഇസ്‌ലാമാബാദ്: 'പാകിസ്താന്റെ അണുബോംബിന്റെ പിതാവ്' എന്ന പേരില്‍ അറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞന്‍ അബ്ദുള്‍ ഖാദര്‍ ഖാന്‍ നിര്യാതനായി. 85 വയസ്സായിരുന്നു. കൊവിഡ് ബാധയെതുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളോടെ ഇസ്‌ലാമാബാദിലെ കെആര്‍എല്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം മരിച്ചതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പിടിവി റിപോര്‍ട്ട് ചെയ്തു.

പാകിസ്താനെ ലോകത്തിലെ ആദ്യ ഇസ്‌ലാമിക ആണവ ശക്തിയായി പരിവര്‍ത്തനം ചെയ്തതിന് അബ്ദുള്‍ ഖാദര്‍ ഖാന് രാജ്യത്ത് ദേശീയ നായക പരിവേഷമാണുള്ളത്

എന്നാല്‍, ആണവ സാങ്കേതിക വിദ്യ മറ്റു രാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത അപകടകാരിയായിട്ടാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഇദ്ദേഹത്തെ കണക്കാക്കുന്നത്.

കഴിഞ്ഞ ആഗസ്തില്‍ ഖാനെ അതേ ആശുപത്രിയില്‍ കൊവിഡ് ബാധയെതുടര്‍ന്ന് പ്രവേശിപ്പിച്ചിരുന്നു.ആഴ്ചകള്‍ക്കുമുമ്പ് നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെതുടര്‍ന്ന് അദ്ദേഹത്തെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1982 മുതല്‍ തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഡോ. അബ്ദുള്‍ ഖാദര്‍ ഖാന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതില്‍ അതീവ ദുഖമുണ്ടെന്ന് പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വി ട്വീറ്റില്‍ പറഞ്ഞു.

'രാഷ്ട്രത്തെ രക്ഷിക്കുന്ന ആണവ പ്രതിരോധം വികസിപ്പിക്കാന്‍ അദ്ദേഹം ഞങ്ങളെ സഹായിച്ചു, നന്ദിയുള്ള ഒരു രാഷ്ട്രം അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഒരിക്കലും മറക്കില്ല. 'ആണവ മേഖലയില്‍' ബദ്ധവൈരികളായ ഇന്ത്യക്ക് തുല്യമായി രാജ്യത്തെ കൊണ്ടുവന്ന് അതിന്റെ പ്രതിരോധം 'അജയ്യമാക്കി' മാറ്റിയതിന് ഖാനെ അദ്ദേഹം പ്രശംസിച്ചു. ഇറാന്‍, ലിബിയ, ഉത്തര കൊറിയ എന്നിവയുമായി നിയമവിരുദ്ധമായി ആണവ സാങ്കേതികവിദ്യ പങ്കുവെച്ചെന്ന ആരോപണം ഉയര്‍ന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ഖാനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മൂന്ന് രാജ്യങ്ങളിലേക്ക് ആണവ സാങ്കേതിക വിദ്യ ചോര്‍ത്തിയെന്ന് സമ്മതിച്ചതിനു പിന്നാലെ ഖാന്‍ 2004 മുതല്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വീട്ടുതടങ്കലില്‍ ആയിരുന്നു.

2006ല്‍ ഖാന്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു. 2009 ഫെബ്രുവരിയില്‍ ഒരു കോടതി അദ്ദേഹത്തിന്റെ വീട്ടുതടങ്കല്‍ അവസാനിപ്പിച്ചു, പക്ഷേ ഖാന്റെ നീക്കങ്ങള്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നു.


Tags:    

Similar News