പാലക്കാട്: കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

Update: 2022-04-17 14:49 GMT

തിരുവനന്തപുരം: പാലക്കാട് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''കേരളത്തില്‍ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി അത്തരം ശ്രമങ്ങള്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും. വര്‍ഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തണമെന്ന് ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നു. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാര്‍ദവും സംരക്ഷിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം''-അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News