'പാലക്കാടന്‍ നൈറ്റ്' ഇന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
2023 സെപ്റ്റംബര്‍ ഒന്നിനാണ് ജിദ്ദയിലെ പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മ രൂപം കൊണ്ടത്
ജിദ്ദ: ജിദ്ദയിലെ പാലക്കാട് ജില്ലാ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പാലക്കാടന്‍ നൈറ്റ്' ഇന്ന് വെള്ളിയാഴ്ച കേരളപ്പിറവി ദിനത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ വൈകീട്ട് ആറ് മണി മുതല്‍ അരങ്ങേറും. കൂട്ടായ്മയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയരും സിനിമാ പിന്നണി ഗായകരുമായ ഹനാന്‍ ഷാ, ശിഖ പ്രഭാകരന്‍, ഇഹ്‌സാന്‍ (ഈച്ചൂ) തുടങ്ങിയ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ റിയാദ് ടാക്കീസ് അവതരിപ്പിക്കുന്ന ശിങ്കാരി മേളവും ഉണ്ടായിരിക്കും. ജിദ്ദയിലെ അക്കാദമികളായ ഗുഡ് ഹോപ്, ഫിനോം ടീമുകളുടെ നൃത്തങ്ങള്‍, പാലക്കാടന്‍ കലാരൂപങ്ങളായ കന്യാര്‍ക്കളി, കൊയ്ത്തു പാട്ട്, പുള്ളുവന്‍ പാട്ട്, കുംഭക്കളി, പൂതനും തറയും, മയിലാട്ടം തുടങ്ങിയ കലാ ഇനങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും.
ആയിരത്തോളം കലാസ്വാദകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. നേരത്തെ എത്തുന്നവര്‍ക്കായിരിക്കും മുന്‍ഗണന എന്നും കോണ്‍സുലേറ്റ് അങ്കണത്തില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതിനപ്പുറം ആളുകളെത്തിയാല്‍ അകത്തേക്ക് പ്രവേശനം സാധ്യമായിരിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
2023 സെപ്റ്റംബര്‍ ഒന്നിനാണ് ജിദ്ദയിലെ പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മ രൂപം കൊണ്ടത്. ജില്ലയിലുള്ള ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനും, അവരുടെ ഉന്നമനത്തിനും പ്രാധാന്യം നല്‍കികൊണ്ടാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.