പഞ്ചായത്ത് ജീവനക്കാരെ മര്‍ദ്ദിച്ചു; മാളയില്‍ പിതാവും മകനും അറസ്റ്റില്‍

Update: 2020-08-02 12:55 GMT

മാള: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ച് കടന്ന് പഞ്ചായത്ത് ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പിതാവും മകനും അറസ്റ്റില്‍. കോണത്തുകുന്ന് വലിയവീട്ടില്‍ സെയ്തു (68), മകന്‍ മുഹമ്മദ് ഫാസില്‍ (36) എന്നിവരെയാണ് സിഐ എം.ജെ ജിജോ, എസ്‌ഐ പി.ജി അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30 ന് പകലായിരുന്നു കേസിനാസ്പദമായ സംഭവം.

ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കും വിമുക്ത ഭടനുമായ പുല്ലൂറ്റ് കൊല്ലംപറമ്പില്‍ മുരളി (52) യെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. വഴിയോര കച്ചവടവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന ഇരുവരും ജീവനക്കാരനുമായി തര്‍ക്കത്തിലാവുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു. പരുക്കേറ്റ ജീവനക്കാരര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. സലീം, അനൂപ്, ലാലന്‍, വൈശാഖ്, മംഗലന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Similar News