പന്നിയങ്കര ടോള്‍ പിരിവ് ആരംഭിച്ചു;പ്രതിഷേധവുമായി എഐവൈഎഫ്
ടോള്‍ പിരിക്കുന്നത് പ്രതിഷേധക്കാര്‍ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. പോലിസെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്
തൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് നിലവില്‍ വന്നു.എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉറപ്പാക്കാതെയാണ് പാതയില്‍ ടോള്‍ പിരിക്കുന്നതെന്നാരോപിച്ച് യുവജന സംഘടനകള്‍ പ്രതിഷേധിച്ചു. എഐവൈഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധം നടത്തി.ടോള്‍ പിരിക്കുന്നത് പ്രതിഷേധക്കാര്‍ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. പോലിസെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
റോഡില്‍ കുത്തിയിരുന്നായിരുന്നു പ്രവര്‍ത്തകര്‍ ആദ്യം പ്രതിഷേധിച്ചത്. പിന്നീട് ഇവര്‍ ടോള്‍ പിരിവ് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.ഇതോടെ പോലിസ് ലാത്തിവീശി. ടോള്‍ ബൂത്തിന് മുന്നിലെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധക്കാര്‍ വീണ്ടും പ്രതിഷേധിച്ചു. കുത്തിയിരിപ്പ് പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസയിലേക്ക് തള്ളിക്കയറിയെങ്കിലും പോലിസ് പണിപ്പെട്ട് ഇവരെ നീക്കി.
തൃശൂര്‍ എക്‌സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് ടോള്‍ പിരിവിന് ചുമതല നല്‍കിയത്. റോഡിനും കുതിരാന്‍ തുരങ്ക പാതയ്ക്കും പ്രത്യേക നിരക്ക് നിശ്ചയിച്ച് രണ്ടിനും ചേര്‍ത്താണ് ടോള്‍ പിരിക്കുന്നത്.2032 സെപ്തംബര്‍ 14 വരെ കരാര്‍ കമ്പനിയ്ക്ക് ടോള്‍ പിരിക്കാം. അതിനുശേഷം നിരക്ക് 40 ശതമാനമായി കുറയ്ക്കണമെന്നാണ് നിര്‍ദ്ദേശം.