കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടോള്‍ ഇനത്തില്‍ പിരിച്ചത് 24,396.19 കോടി രൂപ
എന്‍എച്ച്എഐയുടെ ശരാശരി പ്രതിദിന വരുമാനം 66.84 കോടി രൂപയാണെന്നും പ്രതിമാസ വരുമാനം ശരാശരി 2,033 കോടി രൂപയോളം വരുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ജനങ്ങള്‍ ടോള്‍ ഇനത്തില്‍ നല്‍കിയത് 24,369.19 കോടി രൂപ. രാജ്യത്തെ 570 ടോള്‍ പ്ലാസകള്‍ വഴിയാണ് എന്‍എച്ച്എഐ ഇത്രയും തുക ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തത്. ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍എച്ച്എഐയുടെ ശരാശരി പ്രതിദിന വരുമാനം 66.84 കോടി രൂപയാണെന്നും പ്രതിമാസ വരുമാനം ശരാശരി 2,033 കോടി രൂപയോളം വരുമെന്നും മന്ത്രി പറഞ്ഞു. ഈ തുകയ്ക്കു പുറമെ ടോള്‍ പ്രവര്‍ത്തിപ്പിച്ചു കൈമാറ്റം(ടിഒടി) ചെയ്യുന്നതിനുള്ള കണ്‍സഷന്‍ ഇനത്തില്‍ 9,681.50 കോടി രൂപയും അതോറിറ്റിക്കു ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നു മാത്രം 2,549.12 കോടി രൂപയായിരുന്നു 2018-19ലെ യൂസര്‍ ഫീ ഇനത്തില്‍ ലഭിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 31ലെ കണക്കുപ്രകാരം 54 ടോള്‍ പ്ലാസകളാണു തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയിലൂടെ പ്രതിദിനം ശരാശരി 6.98 കോടി രൂപയും പ്രതിമാസം ശരാശരി 212.42 കോടി രൂപയും എന്‍എച്ച്എഐയ്ക്കു ലഭിക്കുന്നുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.
പൊതു സ്വകാര്യ പങ്കാളിത്ത(പിപിപി)ത്തോടെയുള്ള പദ്ധതികളില്‍ കണ്‍സഷന്‍ കാലാവധി കഴിയുന്നതോടെ നിലവിലുള്ളതിന്റെ 40% നിരക്കിലാണു കേന്ദ്ര സര്‍ക്കാര്‍ യൂസര്‍ ഫീ ചുമത്തുകയെന്നും പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതികളില്‍ നിര്‍മാണ ചെലവ് വീണ്ടെടുത്ത ശേഷം യൂസര്‍ ഫീ 40% ആക്കി കുറയ്ക്കുകയെന്നും ഗഡ്കരി പറഞ്ഞു.