ജനകീയ പ്രതിഷേധം; വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിക്കാനുള്ള നീക്കം നിര്‍ത്തി

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ ടോള്‍ ഒഴിവാക്കിയ വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ റോഡില്‍ ഇന്നു മുതല്‍ വീണ്ടും ടോള്‍ പിരിക്കാനുള്ള ദേശീയ പാത അതേറിറ്റിയുടെ നീക്കം നിര്‍ത്തിവെച്ചു.

Update: 2019-01-24 07:16 GMT

കൊച്ചി: വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ ടോള്‍ ഒഴിവാക്കിയ വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ റോഡില്‍ ഇന്നു മുതല്‍ വീണ്ടും ടോള്‍ പിരിക്കാനുള്ള ദേശീയ പാത അതേറിറ്റിയുടെ നീക്കം നിര്‍ത്തിവെച്ചു. ഇന്നു മുതല്‍ വീണ്ടും ടോള്‍ പിരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി ഉത്തരവിട്ടിരുന്നു. ഉത്തരവ് പുറത്തു വന്നതു മുതല്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെയും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് നാട്ടുകാരും ദേശീയ പാത അതോറിറ്റി അധികൃതരും തമ്മില്‍ നടന്ന ചര്‍ചച്ചയില്‍ കണ്ടെയ്‌നര്‍ ലോറി പോലുള്ള വലിയ വാഹനങ്ങള്‍ക്കെങ്കിലും ടോള്‍ പിരിവ് അനുവദിക്കണമെന്ന് ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടുവെങ്കിലും വലിയ വാഹനങ്ങള്‍ക്ക് ടോള്‍ പിരിവ് ആരംഭിച്ചാല്‍ അത് ക്രമേണ ചെറു വാഹനങ്ങള്‍ക്കും ബാധകമാക്കുമെന്ന് ആശങ്ക നാട്ടുകാരും പറഞ്ഞു. തുടര്‍ന്നാണ് തല്‍ക്കാലം ടോള്‍ പിരിവ് നിര്‍ത്താന്‍ ധാരണയിലെത്തിയത്. വിഷയത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നാട്ടുകാരും ദേശിയ പാത അതോരിറ്റി അധികൃതരും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തും. ഇതിന് ശേഷമായിരിക്കും ടോള്‍ പിരിവില്‍ അന്തിമ തീരുമാനമെടുക്കുക.

കളമശേരി മുതല്‍ വല്ലാര്‍പ്പാടം ഐസിടിടി വരെയുള്ള റോഡിലാണ് ടോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുളവുകാടിനു സമീപം പൊന്നാരിമംഗലത്താണ് ടോള്‍ പ്ലാസ. കളമശേരി മുതല്‍ വല്ലാര്‍പ്പാടം ഐസിടിടി വരെ 17.122 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡിനാണ് വന്‍ ചുങ്കം ഈടാക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒറ്റ യാത്രയ്ക്ക് 45 രൂപയും അതേദിവസംതന്നെയുള്ള മടക്കയാത്രയും ഉള്‍പ്പെടെ 70 രൂപയുമാണ് ചുങ്കം. മിനി ബസ് അടക്കമുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങള്‍ക്ക് യഥാക്രമം 75ഉം 115 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് 160, 240, മൂന്ന് ആക്‌സില്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 175,260, നാലു മുതല്‍ ആറു ആക്‌സില്‍വരെയുള്ള വാഹനങ്ങള്‍ക്ക് 250, 375 ഉം എഴുമുതല്‍ കൂടുതല്‍ ആക്‌സില്‍ വാഹനങ്ങള്‍ക്ക് 305, 460 രൂപ എന്നിങ്ങനെയാണ് നിരക്ക്.എറണാകുളം രജിസ്‌ട്രേഷനുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് ചെറിയ ഇളവുണ്ട്. പ്രതിമാസം പാസും അനുവദിക്കും. ഇത് 50 യാത്രയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ദിവസവും നൂറുകണക്കിനു കണ്ടെയ്‌നര്‍ ലോറികള്‍ കടന്നുപോകുന്ന റൂട്ടില്‍ ഏര്‍പ്പെടുത്തിയ ടോള്‍ ചരക്കുകടത്തുകൂലി വര്‍ധിപ്പിക്കാന്‍ ഇടവരുത്തും. കൊച്ചി നഗരത്തിലെ യാത്രക്കുരുക്ക് ഒഴിവാക്കാന്‍ കൊച്ചിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും വൈപ്പിനിലും നിന്നു വരുകയും പോകുകയും ചെയ്യുന്ന വാഹനങ്ങള്‍ കണ്ടെയ്‌നര്‍ റോഡ് ഉപയോഗിക്കുന്നുണ്ട്. ഇവിടെ വന്‍ ടോള്‍ ഏര്‍പ്പെടുത്തിയതോടെ ഈ യാത്രക്കാര്‍ നഗരത്തിലേക്ക് കടക്കുന്നത് നഗരത്തില്‍ വന്‍ഗതാഗതക്കുരുക്കിനും ഇടയാക്കും.നേരത്തെ ടോള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലും സര്‍വീസ് റോഡ് നിര്‍മാണം നീണ്ടുപോകുന്നതിലും പ്രതിഷേധിച്ച് ജനകീയ സമരം നടന്നിരുന്നു. ഈ സമരത്തിന്റെ പേരില്‍ സത്രീകളടക്കമുള്ളവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.







Tags:    

Similar News