ന്യൂഡല്‍ഹി: ശീതകാല സമ്മേളനം അവസാനിപ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ഈ മാസം 29 വരെ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് വെട്ടിച്ചുരുക്കിയത്. ഈ മാസം 29വരെ നിശ്ചയിച്ച സമ്മേളനം 23ന് അവസാനിപ്പിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശക സമിതി യോഗം ശുപാര്‍ശ ചെയ്തിരുന്നു. ക്രിസ്മസും പുതുവല്‍സരവും കണക്കിലെടുത്ത് സമ്മേളന കാലാവധി ചുരുക്കാന്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നവംബര്‍ പകുതിയോടെ തുടങ്ങേണ്ട ശീതകാല സമ്മേളനം ഡിസംബര്‍ ഏഴിനു മാത്രമാണ് ഇത്തവണ ആരംഭിച്ചത്. അതുകൊണ്ട് ഈ ആവശ്യത്തിന് വഴങ്ങാന്‍ നേരത്തേ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. രാജ്യസഭ നിര്‍ത്തിവച്ച അധ്യക്ഷന്‍ ജഗ്ദീപ് ധങ്കര്‍, കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ലോക്‌സഭ 62 മണിക്കൂറും 42 മിനിറ്റും 13 സിറ്റിങ്ങുകള്‍ നടത്തി.