പൊറോട്ട ചപ്പാത്തിപോലെയല്ല: 18 ശതമാനം ടാക്‌സ് വേണമെന്ന് വിധി
റെഡി ടു കുക്ക് ഭക്ഷ്യ വസ്തുക്കളുടെ കസ്റ്റംസ് താരിഫ് നിയമത്തിലോ ജിഎസ്ടി താരിഫിലോ പൊറോട്ടയെ അഞ്ചു ശതമാനം നികുതിയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് വിധിന്യായത്തില്‍ നിരീക്ഷിച്ചു.
ബംഗളുരു : റൊട്ടികളില്‍ നിന്ന് വ്യത്യസ്തമായി പൊറോട്ട തയ്യാറാക്കാന്‍ കൂടുതല്‍ അധ്വാനം വേണമെന്നും അതിനാല്‍ 18 ശതമാനം ജിഎസ്ടിക്ക് ബാധ്യതയുണ്ടെന്നും അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് ഉത്തരവിട്ടു. മുഴുവന്‍ ഗോതമ്പുള്ള പൊറോട്ടയും മലബാര്‍ പൊറോട്ടയും 5 ശതമാനം ജിഎസ്ടിയുള്ള ഭക്ഷ്യവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബംഗളൂരു ആസ്ഥാനമായുള്ള ഐഡി ഫ്രഷ് ഫുഡ്‌സ് ആണ് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) കര്‍ണാടക ബെഞ്ചിനെ സമീപിച്ചത്.
റെഡി ടു കുക്ക് ഭക്ഷ്യ വസ്തുക്കളുടെ കസ്റ്റംസ് താരിഫ് നിയമത്തിലോ ജിഎസ്ടി താരിഫിലോ പൊറോട്ടയെ അഞ്ചു ശതമാനം നികുതിയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് വിധിന്യായത്തില്‍ നിരീക്ഷിച്ചു. പ്ലെയിന്‍ ചപ്പാത്തി, റൊട്ടി, ഖക്ര എന്നിവയാണ് അഞ്ച് ശതമാനം ജിഎസ്ടി ബാധകമായുള്ള ഭക്ഷ്യ വിഭവത്തിലുള്ളത്. അത് പൊറോട്ടക്ക് ബാധകമല്ല. ഖക്ര, പ്ലെയിന്‍ ചപ്പാത്തി, റൊട്ടി എന്നിവ പോലെയല്ല പൊറാട്ട. അത് തയ്യാറാക്കാന്‍ കൂടുതല്‍ അധ്വാനം ആവശ്യമാണ്. അതിനാല്‍ അഞ്ചു ശതമാനം നികുതയുള്ളവയുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് വിധിച്ചു.