പഴശ്ശിദിനാചരണവും ചരിത്രസെമിനാറും ചൊവ്വാഴ്ച മാനന്തവാടി പഴശ്ശികുടീരത്തില്‍
മാനന്തവാടി: ഇരുനൂറ്റിപ്പതിനേഴാമത് പഴശ്ശിദിനാചരണവും ചരിത്രസെമിനാറും ചൊവ്വാഴ്ച തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് മാനന്തവാടി പഴശ്ശികുടീരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, ജില്ലാ കളക്ടര്‍ എ ഗീത, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷമി, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 11 മുതല്‍ നടക്കുന്ന ചരിത്ര സെമിനാറില്‍ 'വാമൊഴി ചരിത്രവും പഴശ്ശി നാട്ടോര്‍മ്മകളും' എന്ന വിഷയത്തില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മുന്‍ ചരിത്രവിഭാഗം തലവന്‍ ഡോ. പി.പി. അബ്ദുള്‍ റസാക്കും 'പഴശ്ശി: ഓര്‍മ്മ ചരിത്രം പ്രയോഗം' എന്ന വിഷയത്തില്‍ മലയാളം സര്‍വ്വകലാശാല സംസ്‌ക്കാര പൈതൃക പഠന വിഭാഗം തലവന്‍ ഡോ. കെ.എം ഭരതനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.