പത്തനംതിട്ടയോട് നന്ദി പറഞ്ഞ് പി ബി നൂഹ്: കലക്ടര്‍ ബ്രോക്ക് ആശംസയുമായി ആയിരങ്ങള്‍
കലക്ടര്‍ മുന്നില്‍ നിന്ന് നയിച്ച് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും കാണിച്ച മാതൃകകളേയും പലരും കമന്റില്‍ ഒര്‍ത്തെടുക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച നായകനെന്നും പലരും അഭിപ്രായപ്പെടുന്നു.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ പ്രിയപ്പെട്ട കലക്ടര്‍ പി ബി നൂഹ് സ്ഥലംമാറി പോകുമ്പോള്‍ അദ്ദേഹത്തിന് ആശംസയര്‍പ്പിച്ച് ആയിരങ്ങള്‍. 'പോകാന്‍ സമയമായി, പ്രിയപ്പെട്ട പത്തനംതിട്ട, നിങ്ങളെ മിസ് ചെയ്യും' എന്ന തലക്കെട്ടില്‍ പി ബി നൂഹ് ഔദ്യോഗിക എഫ്ബി പേജില്‍ കുറിച്ച വരികളോട് പതിനായിരത്തോളം പേരാണ് പ്രതികരിച്ചത്. ദുരിത സമയങ്ങളില്‍ മുന്നില്‍ നിന്നു നയിച്ച കലക്ടര്‍ പോകുന്നതിന്റെ സങ്കടം പലരും പ്രതികരണങ്ങളിലൂടെ അറിയിച്ചു. സഹകരണ രജിസ്ട്രാര്‍ ആയാണ് പി ബി നൂഹിന്റെ പുതിയ നിയമനം.
2018 ജൂണ്‍ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്. അതിനു ശേഷം മഹാപ്രളയത്തിന്റെ സമയത്തും ശബരിമല വിഷയത്തില്‍ നാട് കലുഷിതമായപ്പോഴും പിന്നീട് കൊവിഡ് കാലത്തും കര്‍മരംഗത്തിറങ്ങി പ്രവര്‍ത്തിച്ച പി ബി നൂഹിന് നന്ദിയും സ്‌നേഹവും അറിയിക്കുന്നതാണ് പ്രതികരണങ്ങളില്‍ ഏറെയും. പ്രളയത്തിലും കൊവിഡ് കാലത്തും ഉദ്യോഗസ്ഥരെയും യുവാക്കളെയും കൂടെ നിര്‍ത്തി പത്തനംതിട്ട കലക്ടര്‍ നടത്തിയ ശ്രമങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കലക്ടര്‍ മുന്നില്‍ നിന്ന് നയിച്ച് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും കാണിച്ച മാതൃകകളേയും പലരും കമന്റില്‍ ഒര്‍ത്തെടുക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച നായകനെന്നും പലരും അഭിപ്രായപ്പെടുന്നു. പുതിയ പദവിയിലേക്ക് പോകുന്ന നൂഹിന് ആശംസകളും അര്‍പ്പിക്കുന്നു. കേരളത്തില്‍ കൊവിഡിന്റെ ആദ്യ സാനിധ്യമായി ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കൊവിഡ് ബാധയില്‍ നാടൊന്നടങ്കം ഞെട്ടിയപ്പോള്‍ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്ത് പി.ബി.നൂഹ് മുന്നില്‍ നിന്നു. ഉദ്യോഗസ്ഥരുടെ മികച്ച സംഘത്തിന് രൂപം നല്‍കിയ അദ്ദേഹം രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നല്‍കി. പിന്നീട് ഈ സമീപനം പല സംസ്ഥാനങ്ങളും മാതൃകയാക്കി.
ലോക്ക്ഡൗണ്‍ കാലത്ത് ആവണിപ്പാറയിലെ ഗിരിജന്‍ കോളനി നിവാസികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്ന് എത്തിച്ച കളക്ടര്‍ നൂഹിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി അച്ചന്‍ കോവിലാര്‍ കാല്‍നടയായി മുറിച്ച് കടന്നായിരുന്നു ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത്. കൊവിഡ് കാലത്ത് സോഷ്യല്‍മീഡിയയില്‍ ഇദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ക്കായി ജനങ്ങള്‍ പതിവായി കാത്തിരിക്കുകയും ചെയ്തിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ നാടിനെ ഒപ്പം ചേര്‍ക്കുന്നതിനാണ് അദ്ദേഹം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയത്. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചു.
2012 സിവില്‍ സര്‍വീസ് ബാച്ച് അംഗമാണ് മൂവാറ്റുപുഴ സ്വദേശിയായ പി ബി നൂഹ്. അദ്ദേഹത്തിന്റെ സഹോദരന്‍ ഡോ. പി ബി സലീം കോഴിക്കോട് ജില്ലാ കലക്ടറായിരുന്നു. ഇപ്പോള്‍ പശ്ചിമബംഗാളിലാണ് അദ്ദേഹം. സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കലക്ടര്‍.