പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു;യൂസഫലിയെ കുറിച്ചുള്ള പരാമര്‍ശം മാത്രം പിന്‍വലിക്കുന്നുവെന്നും പി സി ജോര്‍ജ്
ഇവിടെ കോണ്‍ഗ്രസും എല്‍ഡിഎഫും ഒന്നാണെന്നും അവര്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്‌ലിം തീവ്രവാദികളാണെന്നും പിസി ജോര്‍ജ് പറഞ്ഞു
തിരുവനന്തപുരം:അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ്.ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ കോണ്‍ഗ്രസും എല്‍ഡിഎഫും ഒന്നാണെന്നും അവര്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്‌ലിം തീവ്രവാദികളാണെന്നും പിസി ജോര്‍ജ് പറഞ്ഞു.തെറ്റായ കാര്യങ്ങള്‍ തിരുത്തുന്നതില്‍ മടിയില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഹിന്ദു സമ്മേളനത്തില്‍ പ്രസംഗിച്ച കാര്യത്തില്‍ ഒരു തിരുത്തുണ്ട്.അത് എംഎ യൂസഫലിക്കെതിരേ പറഞ്ഞതാണ്.സംസാരത്തിനിടയ്ക്ക് മനസിലുള്ള ആശയവും പറഞ്ഞതും രണ്ടും രണ്ടായിപ്പോയി. പിണറായി സര്‍ക്കാര്‍ റിലയന്‍സിന്റെ ഔട്ട്‌ലെറ്റ് ഇവിടെ മുഴുവന്‍ തുടങ്ങിയപ്പോള്‍ താന്‍ അതിനെതിരെ രംഗത്തുവന്നു. യൂസഫലി എല്ലായിടത്തും മാളു തുടങ്ങിയാല്‍ ചെറുകിട കച്ചവടക്കാര്‍ പട്ടിണിയാകും. അതുകൊണ്ട് ലുലുമാളില്‍ കയറരുത് എന്ന് താന്‍ പറഞ്ഞു. അത് അദ്ദേഹത്തെ അപമാനിക്കാനായിരുന്നില്ല. ആ പ്രസ്താവന താന്‍ പിന്‍വലിക്കുന്നതായും പിസി ജോര്‍ജ് പറഞ്ഞു.
തീവ്രവാദത്തിനെതിരേ സംസാരിച്ചതിനാണ് തന്നെ പിടിച്ച് അകത്തിടാന്‍ ശ്രമിച്ചത്. എന്നാല്‍ തനിക്ക് നീതിപീഠം ജാമ്യം അനുവദിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞു.തീവ്രവാദികള്‍ക്കുള്ള പിണറായിയുടെ റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റ്. തന്റെ അറിവനുസരിച്ചുള്ള കാര്യമാണ് താന്‍ അവിടെ പരാമര്‍ശിച്ചത്. അത് തന്നെയാണ് അതിന്റെ തെളിവെന്നും പിസി ജോര്‍ജ് പറഞ്ഞു.
മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്ത മുന്‍ എംഎല്‍എ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ല എന്നി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ പ്രസംഗത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളായിരുന്നു പി സി ജോര്‍ജ് ഉന്നയിച്ചത്.