യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലെത്തിയ പി സി ജോര്‍ജ്ജിന് തിരിച്ചടി; ജോര്‍ജ്ജിന്റെ ഷാള്‍ വേണ്ടെന്ന് റിജില്‍ മാക്കുറ്റി
യൂത്ത കോണ്‍ഗ്രസ് നിരാഹരസമരപ്പന്തലിലെത്തി ഷാള്‍ അണിയിക്കാനുള്ള പിസിയുടെ നീക്കമാണ് പാളിയത്
തിരുവനന്തപുരം: ഉദ്യോഗാര്‍ഥി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് നിരാഹരസമരപ്പന്തലിലെത്തി നേതാക്കളെ ഷാള്‍ അണിയിക്കാനുള്ള പിസി ജോര്‍ജിന്റെ നീക്കം പാളി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റിജില്‍ മാക്കുറ്റിയെ ഷാള്‍ അണിക്കാന്‍ ശ്രമിക്കവേ, ആ ഷാള്‍ വേണ്ടെന്ന് പറഞ്ഞ് പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ചു. വേണ്ടെങ്കില്‍ വേണ്ടെന്ന് പറഞ്ഞ് പിസി സമരപ്പന്തല്‍ വിട്ടു. കൂടെ സമരപ്പന്തലിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എന്‍ എസ് നൂസൂര്‍, റിയാസ് മുക്കോളി എന്നിവര്‍ ഷാള്‍ സ്വീകരിച്ചു. എന്നാല്‍ പിസി ജോര്‍ജ്ജിനോടുള്ള പരസ്യമായ രാഷ്ട്രീയ വിയോജിപ്പാണ് റിജില്‍ മാക്കുറ്റി പ്രകടപ്പിച്ചത്. എന്നാല്‍ ഭാവവ്യത്യാസമൊന്നും പ്രകടിപ്പിക്കാതെ പിസി സമരപ്പന്തല്‍ വിടുകയായിരുന്നു.
യുഡിഎഫ് പ്രവേശം കാത്ത് നില്‍ക്കുന്ന പിസിയാണ് യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യം അറിയിക്കാനെത്തിയത്.