കര്‍ഷക പ്രക്ഷോഭം: എസ്ഡിപിഐ ഐക്യദാര്‍ഢ്യ റാലി നടത്തി

Update: 2020-09-25 14:55 GMT

മഞ്ചേരി: കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളുടെയും അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിന്റെയും ഇടയില്‍ മോദി സര്‍ക്കാര്‍ ഏറെ തിടുക്കത്തില്‍ കാര്‍ഷിക ബില്‍ പാസാക്കിയത് രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തേക്കാള്‍ ബിജെപി സര്‍ക്കാരിന് താല്‍പര്യം കോര്‍പ്പറേറ്റുകളോടാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് സിപിഎ ലത്തീഫ് പറഞ്ഞു. എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച കാര്‍ഷിക ബില്ലിനെതിരെയുള്ള ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി മന്ത്രിസഭയിലെ ഭക്ഷ്യസംസ്‌ക്കരണ വ്യവസായ വകുപ്പ് മന്ത്രിതന്നെ രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് ബില്ല് എതിരാണെന്ന് ചൂണ്ടിക്കാട്ടി രാജി വച്ചിരിക്കുകയാണ്. തിടുക്കപ്പെട്ട് പാസ്സാക്കിയ മൂന്ന് ബില്ലുകളും സംസ്ഥാനങ്ങള്‍ക്ക് വിപണിയില്‍ ഇടപെടാന്‍ കഴിയാത്ത അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്. കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും കോര്‍പറേറ്റുകളിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കാനും കാരണമാവുന്ന ഈ ബില്ലിനെതിരെ രാജ്യസ്‌നേഹികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എ കെ അബ്ദുല്‍ മജീദ്, പി ഹംസ, ബാബു മണി കരുവാരകുണ്ട്, മുസ്തഫ പാമങ്ങാടന്‍, പി പി ഷൗക്കത്, സലാം, ലത്തീഫ് മഞ്ചേരി, സി പി മുജീബ് എന്നിവര്‍ ഐക്യദാര്‍ഢ്യ റാലിക്ക് നേതൃത്വം നല്‍കി.

Tags:    

Similar News