ജനുവരി ഒന്നിന് വാമനപുരം നദീതീരത്ത് ജനകീയ കണ്‍വെന്‍ഷന്‍, ഒരുലക്ഷം പേര്‍ പങ്കെടുക്കും
ചിറയിന്‍കീഴ്: വാമനപുരം നദിയുടെ സമഗ്ര പുനരുജ്ജീവനത്തിനായി തയ്യാറാക്കിയ 'നീര്‍ധാര' പദ്ധതിയുടെ ചിറയിന്‍കീഴ് മണ്ഡലത്തിലെ നേതൃതല കണ്‍വെന്‍ഷന്‍ ഡി. കെ. മുരളി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. 'തെളിനീരിനൊപ്പം തെളിനേരിനൊപ്പം' എന്ന ആപ്തവാക്യത്തോടെ വന്‍ ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി ഒന്നിന് ഒരു ലക്ഷം പേരെ അണിനിരത്തി വാമനപുരം നദീതീരത്ത് ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
ചിറയിന്‍കീഴ് മണ്ഡലത്തിലെ മുദാക്കല്‍, കടക്കാവൂര്‍, ചിറയിന്‍കീഴ്, അഞ്ചുതെങ് ഗ്രാമപഞ്ചായത്തുകളാണ് നീര്‍ധാര പദ്ധതിയുടെപ്രവര്‍ത്തന മേഖല. പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെ മണ്ണ് ജല സംരക്ഷണം, ചെക്ക് ഡാം നിര്‍മ്മാണം, ജെട്ടികളുടെ നിര്‍മ്മാണം, ഇക്കോ ടൂറിസം സാധ്യതകള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് നീര്‍ധാര സമഗ്ര പദ്ധതി. പദ്ധതിയുടെ നടത്തിപ്പിനായി നവംബര്‍ 15നകം പഞ്ചായത്ത് സമിതികളും ഡിസംബര്‍ 20നകം പ്രാദേശിക സമിതികളും രൂപീകരിക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി. സി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.