തദ്ദേശ സ്ഥാപനങ്ങളെ മുഖ്യ കേന്ദ്രമാക്കിയുള്ള ജനകീയ വികസനമാണ് സർക്കാരിന്റേത്: മന്ത്രി കെ രാജൻ
തൃശൂർ: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന വിവിധ പദ്ധതികളെ സംയോജിപ്പിച്ചുള്ള പരിപാടി 'പ്രോജ്ജ്വലം 2023' റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മുഖ്യ കേന്ദ്രമാക്കിയുള്ള ജനകീയ വികസനമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള അടിസ്ഥാനഘടകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. വിവിധ പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കുന്നതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാടിൻ്റെ അഭിമാനമായി മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ സമൂഹത്തിൻ്റെ താഴെത്തട്ടിൽ ഉള്ളവർക്ക് പ്രയോജനം ലഭിക്കണം. ഉത്പാദക മേഖലയ്ക്കും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു. തൊഴിൽസഭ, അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ ഇടപെടലുകളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനകീയാസൂത്രണ പദ്ധതി പ്രകാരം വായനശാലകൾക്ക് എൽഇഡി പ്രോജക്ട് കൈമാറൽ, ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ ധനസഹായ വിതരണം, വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവർക്ക് ആദരം, വയോജന - ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം നേടിയ അരിമ്പൂർ പഞ്ചായത്തിനുള്ള ആദരം എന്നിവയും പ്രോജജ്വലം പരിപാടിയുടെ ഭാഗമായി നടന്നു.
ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ബി മായ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഇന്ദുലാൽ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി രാമൻ, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രതി അനിൽകുമാർ, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി ജോൺസൺ, അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, അന്തിക്കാട് ബ്ലോക്ക് സെക്രട്ടറി ജോളി വിജയൻ, ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.