ജനകീയാസൂത്രണം രജത ജൂബിലി; മാള ബ്ലോക്ക് സംഘാടക സമിതി രൂപീകരിച്ചു

Update: 2021-08-12 17:04 GMT

മാള: ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാള ബ്ലോക്കില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി യോഗമാണ് തീരുമാനമെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ സി രവി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് നിര്‍വ്വഹണ ഉദ്യോഗസ്ഥരും ആസുത്രണ സമിതി ഉപാധ്യക്ഷനും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ടി കെ സന്തോഷ്(സി പി എം), കെ വി വസന്തകുമാര്‍ (സി പി ഐ), പി ഡി ജോസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പീറ്റര്‍ പാറേക്കാട്ട് (കേരള കോണ്‍ഗ്രസ്സ്), കെ സി വര്‍ഗ്ഗീസ് (എല്‍ ജെ ഡി), ജോര്‍ജ്ജ് നെല്ലിശ്ശേരി (ജനതാദള്‍ എസ്) എന്നിവരും പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയ സുരേന്ദ്രന്‍ നന്ദി പറഞ്ഞു. മന്ത്രി പ്രൊഫ. ആര്‍ ബിന്ദു, തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍, ചാലക്കുടി എം പി ബെന്നി ബഹനാന്‍, എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുല്‍നാഥ് എന്നിവരെ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ ചെയര്‍മാനായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷന്മാര്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും, ബ്ലോക്ക് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ അംഗങ്ങളായും സെക്രട്ടറിയെ ജനറല്‍ കണ്‍വീനറായും നിശ്ചയിച്ചുകൊണ്ട് സംഘാടകസമിതി രൂപീകരിച്ചു. 

ഈ മാസം 17 നാണ് (ചിങ്ങം ഒന്ന്) ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. അന്നേ ദിവസം ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ജനകീയാസൂത്രണ കാലഘട്ടത്തെ ജനപ്രതിനിധികളെയും ആദ്യ കാല ജനകീയാസൂത്രണ പ്രവര്‍ത്തകരെയും വിവിധ മേഖലയിലെ പ്രതിഭകളെയും ആദരിക്കും. രജത ജൂബിലി സ്മാരകമായി ബ്ലോക്ക് പരിധിയില്‍ മിയാവാക്കി മാതൃകയില്‍ ചെറു വനങ്ങള്‍ ഉണ്ടാക്കുന്നതിനും പരിപാലിക്കുന്നതിനും തീരുമാനിച്ചു. e

Tags:    

Similar News