പെരിന്തല്‍മണ്ണ: നഗരസഭ പുതുതായി നിര്‍മിച്ച മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡ് തുറക്കുന്നതിന് നടപടിയാവുന്നു. ബസ് സ്റ്റാന്‍ഡിന് ഈ മാസം അഞ്ചിനു ചേര്‍ന്ന റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യോഗം അംഗീകാരം നല്‍കി. ബസ് സ്റ്റാന്‍ഡ് തുറക്കുമ്പോള്‍ നടപ്പാക്കേണ്ട ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ ഗതാഗത ക്രമീകരണസമിതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് നഗരസഭാധ്യക്ഷന്റെ ചേംബറില്‍ യോഗംചേരും. നഗരസഭാധ്യക്ഷനു പുറമേ, പോലിസ് ഇന്‍സ്‌പെക്ടര്‍, ജോയന്റ് ആര്‍ടിഒ., ഗതാഗത പരിഷ്‌കരണ സമിതി അംഗം തുടങ്ങിയവര്‍ പങ്കെടുക്കും.
മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡ്, മാനത്തുമംഗലം ബൈപ്പാസ് ബസ് സ്റ്റാന്‍ഡ് (തറയില്‍ ബസ് സ്റ്റാന്‍ഡ്) എന്നിവയ്ക്കാണ് കളക്ടര്‍ അധ്യക്ഷനായുള്ള ആര്‍.ടി.എ. യോഗം അംഗീകാരം നല്‍കിയത്. ഇരുസ്റ്റാന്‍ഡുകളിലും ബസുകള്‍ നിര്‍ത്തിയിടുന്നതിനും കാത്തിരിപ്പിനും മേല്‍ക്കൂരയുള്ള യാര്‍ഡും ഇരിപ്പിടങ്ങളുമുണ്ടെന്നും മതിയായ പാര്‍ക്കിങ് സൗകര്യവും ശൗചാലയ സൗകര്യങ്ങളുമുണ്ടെന്നും പെരിന്തല്‍മണ്ണ ജോയന്റ് ആര്‍.ടി.ഒ. ആര്‍.ടി.എ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ് സ്റ്റാന്‍ഡ് കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് മുന്‍പാണ് ഉദ്ഘാടനം ചെയ്തത്. ഇതുവരെയും തുറന്നുകൊടുക്കാത്തതിന് നഗരസഭാധികൃതര്‍ കാരണമായി പറഞ്ഞിരുന്നത് ആര്‍.ടി.എ. അംഗീകാരം ലഭിച്ചിട്ടില്ലെന്നതായിരുന്നു. 50 ബസുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റിയിറക്കാനുള്ള യാര്‍ഡും മുന്നൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട്. 53 കടമുറികള്‍ അടങ്ങുന്ന 62,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ബഹുനില വ്യാപാരസമുച്ചയമാണ് 37 കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്നത്. ഇതില്‍ ഒന്നാംഘട്ടമായാണ് ബസ് സ്റ്റാന്‍ഡ്.
ആര്‍.ടി.എ. ഉത്തരവ് ചര്‍ച്ചചെയ്ത കൗണ്‍സില്‍ യോഗത്തില്‍ നടപടി വേഗത്തിലായത് നജീബ് കാന്തപുരം എം.എല്‍.എയുടെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് പച്ചീരി ഫാറൂഖും പത്തത്ത് ജാഫറും അവകാശവാദമുന്നയിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ഇടപെടുത്തിയതിലൂടെയാണ് വേഗത്തില്‍ നടപടിയുണ്ടായതെന്ന് ചെയര്‍മാന്‍ പി. ഷാജി വിശദീകരിച്ചു. ഇക്കാര്യം അറിഞ്ഞപ്പോഴാണ് എം.എല്‍.എ. ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കിയതെന്നും ചെയര്‍മാന്‍ പറഞ്ഞു.