പെരിന്തല്‍മണ്ണ: നഗരസഭയുടെ രജത ജൂബിലി മിഷന്‍ പദ്ധതിയുടെ ഭാഗമായി എരവിമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു.
ആര്‍ദ്രം മിഷന്റെയും ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റേയും സഹായത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജനറല്‍ മെഡിസിന്‍, ശിശുരോഗം, ഡെന്റല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായി നാല് ഡോക്ടര്‍മാര്‍, മൂന്ന് സ്റ്റാഫ് നഴ്‌സ്, രണ്ട് ഫാര്‍മസിസ്റ്റ്, രണ്ടു ജെപിഎച്ച്എന്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍, രണ്ട് സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് എന്നിവരടങ്ങുന്ന ആരോഗ്യ കേന്ദ്രത്തില്‍ 300 ല്‍ പരം രോഗികള്‍ക്ക് ദൈനംദിന ചികിത്സയും മരുന്നും സൗജന്യമായി നല്‍കുന്നുണ്ട്.
എരവിമംഗലത്തെ സാംസ്‌കാരിക നിലയം 37 ലക്ഷം രൂപ ചെലവില്‍ നവീകരിച്ചാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുക്കിയത്. നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലിം ചടങ്ങില്‍ അധ്യക്ഷനായി. ഡിപിഎം ഡോ.എ ഷിബുലാല്‍, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ആതിര, സ്‌റ്റേറ്റ് അര്‍ബന്‍ കോഡിനേറ്റര്‍ ഡോ. ജോര്‍ജ് ഫിലിപ്പ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, കെ സി മൊയ്തീന്‍കുട്ടി, പി ടി ശോഭന, പത്തത്ത് ആരിഫ്, കെ ടി ഉണ്ണി, എസ് അബ്ദുള്‍ സജീം, കെ ദിലീപ് കുമാര്‍, ഡോ. നീതു ചടങ്ങില്‍ പങ്കെടുത്തു.