സ്വയംവിരമിക്കല്‍ അപേക്ഷക്ക് അനുമതി; ഇ ഡി മുന്‍ ജോയിന്റ് ഡയറക്ടര്‍ ബിജെപിയില്‍ ചേരും

Update: 2022-02-01 03:53 GMT

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകള്‍ അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങ് സ്വയം വിരമിക്കലിന് നല്‍കിയ അപേക്ഷക്ക് ധനമന്ത്രാലയത്തിന്റെ അനുമതി. താന്‍ ബിജെപിയില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് രാജേശ്വറിന് ധനമന്ത്രാലയം ക്ലിയറന്‍സ് നല്‍കിയത്. ഉടനെത്തന്നെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

2ജി കുംഭകോണം, സഹാറ കേസ്, എയര്‍സെല്‍ മാക്‌സിസ് കേസ്, ഐഎന്‍എക്‌സ് മീഡിയ കേസ് തുടങ്ങി രാജ്യത്തെ ഇളക്കിമറിച്ച നിരവധി കേസുകളില്‍ അേന്വഷണ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വര്‍.

ഈ യാത്ര ഇരുപത്തിനാല് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ അവസരത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി എന്‍ സിതാരാമന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ എസ് കെ മിശ്ര എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു-തന്റെ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് രാജേശ്വര്‍ ട്വീറ്റ് ചെയ്തു.

തന്റെ സേവനകാലയളില്‍ താന്‍ പഠിച്ചത് രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കുംവേണ്ടി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുപിയിലെ സുക്തന്‍പൂരില്‍ നിന്ന് രാജേശ്വര്‍ മല്‍സരിച്ചേക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത. 2014ലും രാജേശ്വര്‍ സമാനമായ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു.

പോലിസുകാരനായ തന്റെ പിതാവിനോടൊപ്പം യാത്രചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും രാഷ്ട്രസേവനത്തിന് ഏറ്റവും നല്ലത് ദേശീയ രാഷ്ട്രീയത്തില്‍ ഇടംപിടിക്കലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

2007ലാണ് രാജേശ്വര്‍ ഇ ഡിയില്‍ ഡെപ്യൂട്ടേഷനില്‍ ചേരുന്നത്. 2014ല്‍ ഇഡിയില്‍ സ്ഥിരമായി. സിബിഐ മേധാവിയുടെ നിയമനസമയത്ത് രാജേശ്വറിന്റെ പേര് വാര്‍ത്തകളില്‍ ഉയര്‍ന്നിരുന്നു.

ഇഡിയുടെ ലഖ്‌നോ സോണല്‍ ഓഫിസിലെ ജോയിന്റ് ഡയറക്ടറായിരുന്നു രാജേശ്വര്‍ സിങ്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 2ജി സ്‌പെക്ട്രം അഴിമതിക്കേസ്, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രമക്കേട്, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്, മുന്‍ ധനമന്ത്രി പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി എന്നിവര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡക്കെതിരായ കേസ് എന്നിവയാണ് രാജേശ്വര്‍ അന്വേഷിച്ചിരുന്ന മറ്റ് കേസുകള്‍. 

Tags:    

Similar News