റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ മോചനമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി ഉത്തരവ് പുറപ്പെടുവിക്കാന്‍ മാറ്റിവച്ചു

Update: 2021-03-26 15:49 GMT

ന്യൂഡല്‍ഹി: ജമ്മുവില്‍ അറസ്റ്റിലായ 160 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ മാറ്റിവച്ചു. ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാരിന്റെയും ഹരജിക്കാരുടെയും വാദം കേട്ട കോടതി 160 റോഹിന്‍ഗ്യരെയും നാടുകടത്തുകയാണെങ്കില്‍ അവര്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം പരിഗണിച്ചു. ഒപ്പം അത് ഇന്ത്യയുടെ പരിധിയില്‍ പെടുന്ന വിഷയമല്ലെന്നും നിരീക്ഷിച്ചു.

മ്യാന്‍മറിലെ കൂട്ടക്കൊലയെക്കുറിച്ച് വിധിപറയാനോ അപലപിക്കാനോ കോടതിക്കാവില്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്ദെ ഹരജിക്കാരുടെ അഭിഭാഷകനെ അറിയിച്ചു. സ്വന്തം രാജ്യത്ത് കൊലചെയ്യപ്പെടാന്‍ സാധ്യതയുള്ള അഭയാര്‍ത്ഥികളെ തിരിച്ചയക്കാതിരിക്കുകയെന്നത് പൊതു തത്ത്വമാണെന്ന് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ വാദിച്ചു.

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ നിയമവിരുദ്ധമായി രാജ്യത്തെത്തിയതാണെന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിന് പറഞ്ഞ മറുപടി. മ്യാന്‍മറിലെ പൗരത്വം പരിശോധിച്ചശേഷം മാത്രമേ തുടര്‍നടപടിയുണ്ടാവൂ എന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇന്ത്യ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ അംഗമല്ലെന്ന് ജമ്മു കശ്മീരിനു വേണ്ടി ഹാജരായ ഹരിഷ് സാല്‍വെ ചൂണ്ടിക്കാട്ടി. കൂടാതെ റോഹിന്‍ഗ്യര്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടാകുമെന്നതിന് എന്ത് തെളിവാണ് ഹാജരാക്കാനുള്ളതെന്നും ആരാഞ്ഞു. അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ ഭൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

യുഎന്‍ സ്‌പെഷ്യല്‍ കൗണ്‍സലായ ചന്ദര്‍ ഉദയ് സിങ്ങിനെ കേള്‍ക്കണമെന്ന ഭൂഷന്റെ അപേക്ഷ സാല്‍വെയുടെ എതിര്‍പ്പ് പരിഗണിച്ച് ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു.

ചീഫ് ജസ്റ്റിസ് ബോബ്ദെയ്ക്കു പുറമെ ജസ്റ്റിസുമാരായ ബോപന്ന, വി രാസുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ഹരജി പരിഗണിക്കുന്ന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. അറസ്റ്റിലായ അഭയാര്‍ത്ഥികളെ മോചിപ്പിച്ച് അവര്‍ക്ക് അഭയാര്‍ത്ഥിക്കാര്‍ഡുകള്‍ നല്‍കണമെന്നും പട്ടാള അധീനതയിലുള്ള മ്യാന്‍മറിലേക്ക് തിരിച്ചയക്കരുതെന്നുമാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥിയായ മുഹമ്മദ് സലിമുള്ള പ്രശാന്ത് ഭൂഷന്‍ വഴി നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തങ്ങളെ ജമ്മു സബ് ജയിലില്‍ നിന്ന് വിട്ടയക്കണമെന്നും മ്യാന്‍മറിലേക്ക് തിരിച്ചയക്കരുതന്നും സലിമുള്ള ആവശ്യപ്പെട്ടു.

മാര്‍ച്ച് 6ന് ജമ്മുവില്‍ 200ഓളം റോഹിന്‍ഗ്യരെ നാടുകടത്തുന്നതിനു മുന്നോടിയായി അറസ്റ്റ് ചെയ്ത് തടവിലടച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 71 അഭയാര്‍ത്ഥികള്‍ യുഎന്‍ അഭയാര്‍ത്ഥി ഓഫിസിലേക്ക് മാര്‍ച്ച് ചെയ്തു. താമസിയാതെ ഇവരെയും അറസ്റ്റ് ചെയ്തു. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ മതപീഡനത്തിനു വിധേയരായ 40,000 ഓളം റോഹിന്‍ഗ്യരാണ് 2017ല്‍ അഭയാര്‍ത്ഥികളായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്. അതില്‍ 17,000 പേര്‍ മാത്രമേ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

2019ല്‍ പാര്‍ലമെന്റ് പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമം (സിഎഎ) അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപീഡനത്തെത്തുടര്‍ന്ന് അതിര്‍ത്തി കടന്നെത്തുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ആനുകൂല്യ മുസ്‌ലിംകളായതിനാല്‍ റോഹിന്‍ഗ്യര്‍ക്ക് ലഭിക്കുകയില്ല. ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ പ്രശ്‌നത്തിന്റെ ഹേതു അതാണ്.

തടവറയിലേക്കയച്ച റോഹിന്‍ഗ്യരുടെ പട്ടിക വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുമെന്ന് വികാസ്പുരി തിലക് നഗര്‍ എസ്പി പറഞ്ഞു. അവരത് മ്യാന്‍മാര്‍ സര്‍ക്കാരിന് കൈമാറും. അവരുടെ വിലാസം പരിശോധിച്ചു കഴിഞ്ഞാല്‍ എല്ലാവരെയും മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കും. എല്ലാ റോഹിന്‍ഗ്യരെയും രാജ്യത്തുനിന്ന് തിരിച്ചയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ 2017ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. റോഹിന്‍ഗ്യരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ വിദേശകാര്യ സഹമന്ത്രി കിരണ്‍ റിജിജു എല്ല സംസ്ഥാനങ്ങളിലേക്കും എഴുതിയിരുന്നു.

ഇപ്പോള്‍ തടവിലായിട്ടുള്ള എല്ലാവരും യുഎന്‍ അഭയാര്‍ത്ഥി കാര്‍ഡുള്ളവരാണെന്ന് റോഹിന്‍ഗ്യര്‍ പ്രതിനിധികള്‍ പറയുന്നു. യുഎന്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. പക്ഷേ, യുഎന്‍ ഓഫിസര്‍മാര്‍ കൈമലര്‍ത്തി.

ജമ്മു ഐജി മുകേഷ് സിങ് പറയുന്നത് യുഎന്‍ അഭയാര്‍ത്ഥി കാര്‍ഡ് ലഭിച്ചതുകൊണ്ട് ആര്‍ക്കും അഭയാര്‍ത്ഥി പദവി ലഭിക്കില്ലെന്നാണ്. ഇന്ത്യ യുഎന്‍ അഭയാര്‍ത്ഥി കണ്‍വന്‍ഷനില്‍ ഇതുവരെയും ഒപ്പുവച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആര്‍ക്കും അഭയാര്‍ത്ഥിപ്പദവി അവകാശപ്പെടാനുമാവില്ല.

പീഡനങ്ങളും അനാവശ്യ അറസ്റ്റുകളും ഒഴിവാക്കാനാണ് ആഗോള തലത്തില്‍ യുഎന്‍ ഏജന്‍സികള്‍ അഭയാര്‍ത്ഥിക്കാര്‍ഡ് നല്‍കുന്നത്. പക്ഷേ, ഇന്ത്യയില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് അവര്‍ തന്നെ പറയുന്നു. 16,500 പേര്‍ക്കാണ് യുഎന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുള്ളത്.

Tags:    

Similar News