നിയമനത്തിനെതിരേ പരാതി; കേരളാ സര്‍വകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ ഡോ. പൂര്‍ണിമ മോഹന്‍ രാജിവച്ചു
മലയാളം മഹാനിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ 'സംസ്‌കൃതം' അദ്ധ്യാപികയായ പൂര്‍ണിമാ മോഹനെ നിയമിച്ചത് വിവാദമായിരുന്നു
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കേരളാ സര്‍വകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ നിന്നും ഡോ. പൂര്‍ണിമ മോഹന്‍ രാജിവച്ചു. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി സര്‍വകലാശാല ചാന്‍സിലറായ കേരളാ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി മോഹന്റെ ഭാര്യ കൂടിയായ ഡോ.പൂര്‍ണിമയുടെ രാജി. സ്വയം ഒഴിയാനുള്ള തീരുമാനത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി.
കേരള സര്‍വകലാശാലയില്‍ മലയാളം മഹാനിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ 'സംസ്‌കൃതം' അദ്ധ്യാപികയായ പൂര്‍ണിമാ മോഹനെ നിയമിച്ചത് വലിയ വിവാദമായിരുന്നു. പൂര്‍ണിമ മോഹന്റേത് യോഗ്യതയില്ലാത്ത നിയമനമാണെന്ന് ആരോപണമുയര്‍ന്നു. മലയാള ഭാഷയില്‍ പ്രാവിണ്യവും മലയാളത്തില്‍ ഡോക്ടറേറ്റും അധ്യാപന പരിചയവുമായിരുന്നു ചട്ട പ്രകാരം പദവിവിയിലേക്കുള്ള യോഗ്യത. 1978ലെ സര്‍വകലാശാല ഓര്‍ഡിനന്‍സാണ് ഇതിന് അടിസ്ഥാനം. എന്നാല്‍ വിജ്ഞാപനത്തില്‍ സംസ്‌കൃതം ഗവേഷണ ബിരുദവും തിരുകി കയറ്റിയാണ് പൂര്‍ണിമക്ക് നിയമനം നല്‍കിയത്.
2020 ഡിസംബര്‍ 29ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം വിസിയുടെ നിര്‍ദ്ദേശ പ്രകാരം അഡിഷണല്‍ അജണ്ടയായി ഉള്‍പ്പെടുത്തിയാണ് മഹാനിഘണ്ടു മേധാവിയെ നിയമിക്കാന്‍ തീരുമാനിച്ചത്. സര്‍വകലാശാലകളിലെ പ്രഫസര്‍മാരെയോ അസോ.പ്രഫസര്‍മാരെയോ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാനായിരുന്നു തീരുമാനം. ഇതില്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയതാണ് പൂര്‍ണിമാ മോഹന്റെ നിയമനത്തിന് വഴിയൊരുക്കിയത്. സംസ്‌കൃതം പ്രഫസര്‍മാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരമൊരുക്കി യോഗ്യതകള്‍ കൂട്ടിചേര്‍ത്തത് മുന്‍ രജിസ്ട്രാര്‍ ഡോ.സിആര്‍ പ്രസാദായിരുന്നു. ഓര്‍ഡിനന്‍സ് മറികടന്നായിരുന്നു ഇത് ചെയ്തത്. ഓര്‍ഡിനന്‍സ് മറികടന്ന് വിജ്ഞാപനമിറക്കിയ ഈ മുന്‍ രജിസ്ട്രാര്‍ തന്നെ പൂര്‍ണ്ണിമയെ തിരഞ്ഞെടുത്ത ഇന്റര്‍വ്യു ബോര്‍ഡിലും അംഗമായിരുന്നു.