അമിത് ഷായുടെ വിമാനം പറത്താൻ ആൾമാറാട്ടം നടത്തി ബിഎസ്എഫ് പൈലറ്റ്; പോലിസ് അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത പൈലറ്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ അവസരം ലഭിക്കുന്നതിനുവേണ്ടി ആള്‍മാറാട്ടം നടത്തിയ കേസില്‍ പോലിസ് അന്വേഷണം തുടങ്ങി. ബിഎസ്എഫ് പൈലറ്റായിരുന്ന വിങ് കമാന്‍ഡര്‍ ജെ എസ് സങ്വാനെതിരെയാണ് പോലിസ് കേസെടുത്തത്. അമിത് ഷായുടെ വിമാനം പറത്താന്‍ അദ്ദേഹത്തിന് അനുമതി നല്‍കണമെന്ന് ശുപാര്‍ശചെയ്ത് ബിഎസ്‌എഫിന്റെ എയര്‍ വിങ്ങില്‍നിന്ന് നിരവധി ഇ മെയിലുകള്‍ എല്‍ആന്‍ഡ്ടിക്ക് ലഭിച്ചിരുന്നു. വിഐപി യാത്രകള്‍ക്കായി ബിഎസ്‌എഫിന് വിമാനങ്ങള്‍ എത്തിക്കുന്നത് എല്‍ആന്‍ഡ്ടിയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബിഎസ്‌എഫിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അമിത് ഷായുടെ വിമാനം പറത്താന്‍ സങ്വാന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ആള്‍മാറാട്ടം പുറത്തായത്.
വിഐപി വിമാനം പറത്തുന്നതിനുള്ള മതിയായ യോഗ്യത അദ്ദേഹത്തിനില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ അമിത് ഷായുടെ വിമാനം പറത്താന്‍ അയാള്‍ എന്തിനാണ് ആള്‍മാറാട്ടത്തിലൂടെ ശ്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ല.