പി കെ വാര്യര്‍; എല്ലാവരെയും ബഹുമാനിച്ച മനുഷ്യസ്‌നേഹി

സൗജന്യ ചികിത്സ തേടിയെത്തുന്നവരാണെങ്കിലും എല്ലാവരെയും പരിഗണിക്കുന്ന പാരമ്പര്യമാണ് കോട്ടക്കല്‍ ആയുര്‍വ്വേദ ധര്‍മാശുപത്രിയുടേത്.

Update: 2021-07-10 10:03 GMT

കോഴിക്കോട്: കോട്ടക്കല്‍ ആയുര്‍വ്വേദ ധര്‍മ്മാശുപത്രിയില്‍ കാന്‍സറിന് പ്രത്യേക ചികിത്സ നടത്താറുണ്ട്. അവിടെ ആദ്യമായി വരുന്ന രോഗികളെ പരിശോധിക്കാന്‍ പി കെ വാര്യര്‍ എത്തുമായിരുന്നു. രോഗത്തിന്റെ തീക്ഷ്ണതയില്‍ പ്രയാസപ്പെടുന്നവരോട് പതിഞ്ഞ ശബ്ദത്തില്‍, സ്‌നേഹത്തോടെ അദ്ദേഹം സംസാരിക്കും. രോഗിക്ക് അടുത്ത് നിന്ന് രോഗവിവരങ്ങള്‍ പറയുന്നവരോട് അദ്ദേഹം ഇരിക്കാന്‍ പറയും. അപരിചിതനായ ഒരു രോഗിക്കൊപ്പം വന്നയാള്‍ ആണെങ്കില്‍ പോലും തന്റെ മുന്നില്‍ ബഹുമാനം കാണിച്ച് നില്‍ക്കുന്നത് അദ്ദേഹം അനുവദിക്കാറില്ല. ഇരിക്കാന്‍ കര്‍ശനമായി പറയും. അതിനു ശേഷമാണ് രോഗവിവരങ്ങള്‍ സംസാരിക്കുക. പ്രായത്താലും, അറിവിനാലും എത്രയോ ഉയരത്തിലാണെങ്കിലും എല്ലാവരെയും ബഹുമാനിക്കുന്ന മനസ്സിന് ഉടമയായിരുന്നു പത്മശ്രീ ഡോ. പി കെ വാര്യര്‍.


മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളിലെ ചെറുവൈദ്യന്‍മാരുടെ ചികിത്സ ഫലം ചെയ്യാതെ വരുന്ന ഘട്ടങ്ങളില്‍ രോഗികള്‍ പിന്നീട് പോയിരുന്നത് കോട്ടക്കലിലേക്കായിരുന്നു. അവിടുത്തെ ധര്‍മാശുപത്രി അനേകായിരങ്ങളുടെ ആശ്രയമാണ്. സൗജന്യ ചികിത്സ തേടിയെത്തുന്നവരാണെങ്കിലും എല്ലാവരെയും പരിഗണിക്കുന്ന പാരമ്പര്യമാണ് കോട്ടക്കല്‍ ആയുര്‍വ്വേദ ധര്‍മാശുപത്രിയുടേത്. മനുഷ്യസ്‌നേഹിയായ ഡോ. പി കെ വാര്യരുടെ നേതൃത്വത്തിലുള്ള ഒരു സ്ഥാപനത്തിന് ഇങ്ങനെയാവാതെ തരമില്ല എന്നതാണ് വസ്തുത.


അര ദശാബ്ദക്കാലത്തിലേറെയായി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി കെ വാര്യര്‍. നിത്യവും അവിടെയെത്തുന്ന നൂറുകണക്കിനു രോഗികള്‍ ആയുര്‍വ്വേദ ചികിത്സയിലൂടെ രോഗമുക്തി നേടുമ്പോള്‍ അതിനു പിന്നിലെ ചാലകശക്തി ഡോ പി കെ വാര്യര്‍ എന്ന മനുഷ്യനായിരുന്നു. സ്വന്തം നാട്ടുകാര്‍ക്ക് ആയുര്‍വ്വേദ ചികിത്സയിലൂടെ സാന്ത്വനം പകരുമ്പോള്‍ തന്നെ നാടിന്റെ സാമ്പത്തിക സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിലും ഡോ പി കെ വാര്യരുടെയും കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെയും ശക്തമായ പങ്കുണ്ടായിട്ടുണ്ട്. നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ കാരണമായിട്ടുണ്ട്. യുറോപ്യന്‍, അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആയുര്‍വ്വേദ ചികിത്സ തേടി കോട്ടക്കലിലെത്തുന്നവര്‍ക്കും കാണേണ്ടിയിരുന്നത് ലോക പ്രശസ്തനായ ആയുര്‍വ്വേദാചാര്യനെ തന്നെയായിരുന്നു.


തിരക്കേറിയ ചികിത്സകനായിട്ടുപോലും നാടിന്റെ മതേതര സാസംകാരിക രംഗങ്ങളിലെ നിറസാനിധ്യമായിരുന്നു പി കെ വാര്യര്‍. 1999ല്‍ രാജ്യം പദ്മശ്രീയും, 2010ല്‍ പദ്മഭൂഷണും നല്‍കി ഡോ. പി കെ വാര്യരെ ആദരിച്ചു. ഇതിനു പുറമെ 'ആയുര്‍വേദ മഹര്‍ഷി', 'മില്ലേനിയം ഗോള്‍ഡ് മെഡല്‍, ധന്വന്തരി അവാര്‍ഡ്, സി.അച്യുതമേനോന്‍ അവാര്‍ഡ് , മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. കാലിക്കറ്റ് സര്‍വ്വകലാശാല 1999 ല്‍ ബഹുമാനസൂചകമായി ഡി. ലിറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.




Tags:    

Similar News