നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്ന പദ്ധതി; സർവ്വേ സഭകൾ ഇന്ന് (ഒക്‌ടോബർ 12) തുടങ്ങും

Update: 2022-10-12 03:55 GMT

തിരുവനന്തപുരം: കേരളത്തെ പൂർണമായും നാല് വർഷം കൊണ്ട് ഡിജിറ്റലായി സർവേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോർഡുകൾ തയ്യാറാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള സർവ്വെ സഭകൾ ഒക്ടോബർ 12 ന് തുടങ്ങും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ നയത്തിന്റെ ഭാഗമായുള്ള പദ്ധതി ജനപങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. സർവ്വെ സഭ എന്ന പേരിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമസഭകൾ ആദ്യ ഘട്ടത്തിൽ 200 എണ്ണം 200 വില്ലേജുകളിലായി നടക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

സർവ്വെ സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 12ന് വൈകിട്ട് നാലിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വെയ്യൂർ വാർഡിലെ ഗ്രാമസഭയിൽ പങ്കെടുത്ത് തിരുവനന്തപുരം തോന്നക്കൽ ആശാൻ സ്മാരകത്തിൽ നിർവഹിക്കും. 

സർവ്വെ സഭകളിൽ ഡിജിറ്റൽ സർവെ നടപടികൾ വിശദീകരിക്കുന്നതിനും ഭൂവുടമസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും 400 ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകി. ഡിജിറ്റൽ സർവ്വെ ഇനിയും തുടങ്ങിയിട്ടില്ലാത്ത 1550 വില്ലേജുകളിലും നാല് വർഷത്തിനുള്ളിൽ സർവ്വെ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 'എന്റെ ഭൂമി' എന്ന പേരിലുള്ള ഡിജിറ്റൽ സർവ്വെ കോർസ് നെറ്റ് വർക്ക്, ഡ്രോൺ ഉൾപ്പെടെയുള്ള ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് നടപ്പാക്കുക. ഭൂമിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, നിർമ്മിതികളുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഒരു സമഗ്ര രേഖയാകും തയ്യാറാക്കുക. ഈ വിധം ഒരു ഇൻഫർമേഷൻ സിസ്റ്റം രൂപീകരിക്കാൻ സാധിക്കും. ഇത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 

858 കോടി രൂപയാണ് ഡിജിറ്റൽ സർവ്വെക്കുള്ള മൊത്തം ചെലവ്. ഇതിൽ 438.46 കോടി രൂപ സർവ്വെ വകുപ്പിന് അനുവദിച്ചിട്ടുണ്ട്. സർവ്വെ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ 4700 സർവ്വെ ജീവനക്കാരെ നാല് വർഷത്തേക്ക് നിയമിക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. 

സ്വന്തം ഭൂമിയുടെ ഉടമസ്ഥതയും കൃത്യതയോട് കൂടിയ അളവും ലഭ്യമാകണമെങ്കിൽ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്. ഭൂ ഉടമ സ്ഥലത്തില്ലെങ്കിൽ സർവ്വെ നടക്കുന്ന സമയത്ത് നോമിനികളുടെ സാന്നിധ്യം ആവശ്യപ്പെടാം. ഭൂ ഉടമസ്ഥന്റെ പരാതി അപ്പോൾ തന്നെ പരിഹരിച്ച് മുന്നോട്ട് പോകാനും ഡിജിറ്റൽ സർവ്വെ ഉപകരിക്കും. ഭൂമി സംബന്ധമായി വരുന്ന തട്ടിപ്പുകളും തർക്കങ്ങളും തടയാനും കുറ്റമറ്റ ഡിജിറ്റൽ സർവ്വെ വിവരങ്ങൾ പ്രയോജനപ്പെടുമെന്ന് മന്ത്രി രാജൻ വ്യക്തമാക്കി. 

Tags:    

Similar News