തൃശൂർ: നമ്മുടെ നാട്ടിലെ അമ്പലക്കുളങ്ങളും കാവുകളും സംരക്ഷിക്കാൻ പ്രത്യേകമായ പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം - പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ - പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചേലക്കര ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ചേലക്കര ഒന്നാം വാർഡ് വെങ്ങാനെല്ലൂർ പടിഞ്ഞാട്ട് മുറിയിൽ എരുപുരംകുളം പുനർനിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി 14.58 ലക്ഷം രൂപ ചെലവിട്ടാണ് പഞ്ചായത്ത് കുളം പുനർനിർമാണം നടത്തിയത്. ചേലക്കര പഞ്ചായത്തിൽ നാല് കുളങ്ങൾ ആണ് ഈ രീതിയിൽ നടപ്പാക്കുന്നത്. ക്ഷേത്ര കുളങ്ങളും കാവുകളും സംരക്ഷിക്കാൻ ഉള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ കുടുംബങ്ങളിലും 2025ഓടെ കുടിവെള്ളം എത്തിക്കാൻ ഉള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
വിശപ്പില്ലാത്ത ജനതയെ സൃഷ്ടിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ദാരിദ്ര്യ ലഘൂകരണത്തിന് കുടുംബശ്രീ വഴിയുള്ള മുന്നേറ്റങ്ങൾക്ക് സാധ്യമായി. അതിദരിദ്രരായ 64000 കുടുംബങ്ങളെ കൂടി ഉയർത്തിക്കൊണ്ടുവരാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. നമ്മുടെ നാടിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ തൊഴിലുറപ്പ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കുളം നവീകരിക്കുന്നതിൽ പങ്ക് വഹിച്ച ഗീത, ഗിരിജ എന്നീ തൊഴിലുറപ്പ് തൊഴിലാളികളെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ് അധ്യക്ഷനായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം കെ പത്മജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച് ഷലീൽ, പഞ്ചായത്ത് ജനപ്രതിനിധികൾ ആയ നിത്യ തേലക്കാട്ട്, എല്ലിശേരി വിശ്വനാഥൻ, സുജാത അജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വാർഡ് ജനപ്രതിനിധി ടി ശശിധരൻ സ്വാഗതവും തൊഴിലുറപ്പ് ഓവർസിയർ അൻവർ നന്ദിയും രേഖപ്പെടുത്തി.