ബ്രഹ്മപുരം പ്ലാന്റിലേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോവില്ല

Update: 2023-03-08 15:43 GMT

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോവേണ്ടെന്ന് തീരുമാനമെടുത്ത് സര്‍ക്കാര്‍. തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കൊച്ചി മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂന്ന് സ്ഥലങ്ങളില്‍ പ്രോസസ് ചെയ്യാനാണ് നീക്കം. ഉറവിട മാലിന്യസംസ്‌കരണം കര്‍ശനമായി നടപ്പാക്കുമെന്നും വീടുകളിലും ഫ്‌ലാറ്റുകളിലും ഇതിനായുള്ള സംവിധാനം നിര്‍ബന്ധമാക്കാനും യോഗത്തില്‍ തീരുമാനമായി.

ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കും. ജൈവ മാലിന്യസംസ്‌കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്ടര്‍, കോര്‍പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്ടര്‍ രേണു രാജ് വിശദീകരിച്ചു.

Tags:    

Similar News