തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം; 29 അതിര്‍ത്തികളില്‍ ട്രക്കുകള്‍ തടയും

Update: 2018-12-31 12:58 GMT

ചെന്നൈ: പുതുവത്സരത്തോടെ തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍. തമിഴ്‌നാടിന്റെ 29 അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും. പ്ലേറ്റുകള്‍,കപ്പ്,പ്ലാസ്റ്റിക് ഷീറ്റുകള്‍,പാക്കേജിംഗ് ഉല്‍പന്നങ്ങള്‍ എന്നിവ അടക്കമുള്ള 14 ഉത്പന്നങ്ങളുമായി സംസ്ഥാനത്തേക്കുള്ള 29 അതിര്‍ത്തികള്‍ കടന്നെത്തുന്ന ട്രക്കുകളെയാണ് സംസ്ഥാന മലിനീകരണ വകുപ്പ് തടയുക. വാണിജ്യ നികുതി വകുപ്പ്, സെയില്‍ ടാക്‌സ് വിഭാഗം എന്നിവരുമായി ചേര്‍ന്ന് ഉല്‍പന്നങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ട്രക്കുകളെ തടയുക. ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രക്കുകളെ തടഞ്ഞാല്‍ തന്നെ 60 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നാണ് തമിഴ്‌നാട് കരുതുന്നത്.

രാജ്യത്ത് ആദ്യമായി പ്ലാസ്റ്റികിന് സമ്പൂര്‍ണ നിരോധനമേര്‍പ്പെടത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ഇതിന്റെ മുന്നോടിയായി വിപുലമായ ഒരുക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വീടുകളിലെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഏല്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. കൂടാതെ ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ രാജ്യത്ത് തന്നെ പേരുകേട്ട ഈറോഡ്,സേലം,തിരൂപ്പൂര്‍ എന്നിവിടങ്ങളിലെ 1400 ഫാക്ടറികള്‍ക്ക് അടച്ച് പൂട്ടല്‍ നോട്ടീസും നല്‍കിയിരുന്നു.

പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് പ്ലാസ്റ്റികില്‍ ഉല്‍പന്നങ്ങള്‍ പാക് ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക്് വേണ്ടി പുതിയ പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനി തന്നെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക് ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്നതിന്റെ ചെലവ് വഹിക്കണം. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഇതേ കമ്പനിക്ക് തന്നെ കൈമാറും. ഇത് സുരക്ഷിതമായി പ്രകൃതിക്ക്്് ദോഷമില്ലാതെ കൈകാര്യം ചെയ്യേണ്ട ബാധ്യതതയും ഇതേ കോര്‍പ്പറേറ്റുകള്‍ക്ക് തന്നെയായിരിക്കും.

കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പുനരുപയോഗത്തിന് സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്.




Tags:    

Similar News