'ആരാധനാലയങ്ങളില്‍ സര്‍വെ പാടില്ല, ആരാധനാലയ സംരക്ഷണം നിയമം നടപ്പാക്കണം' കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രിംകോടതിയില്‍

അലോക് ശര്‍മയും പ്രിയ മിശ്രയുമാണ് ഹരജി നല്‍കിയിരിക്കുന്നത്

Update: 2024-12-01 11:38 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പുരാതനമായ ആരാധനാലയങ്ങളില്‍ സര്‍വേ നടത്താനുള്ള കീഴ്‌ക്കോടതി ഉത്തരവുകളെല്ലാം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചു. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ദേശീയ സെക്രട്ടറി അലോക് ശര്‍മയും സാമൂഹിക പ്രവര്‍ത്തക പ്രിയ ശര്‍മയുമാണ് ഹരജി നല്‍കിയിരിക്കുന്നത്. മറ്റു മതങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ത്താണോ ഏതെങ്കിലും മതവിഭാഗം ആരാധനാലയങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് എന്നറിയാനുള്ള പരിശോധനകള്‍ തടയണമെന്നാണ് ഹരജിയിലെ ആവശ്യം

രാജ്യത്തെ ആരാധനാലയങ്ങള്‍ 1947 ആഗസ്റ്റ് 15ലെ സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനസര്‍ക്കാരുകള്‍ക്കും ഹൈക്കോടതികള്‍ക്കും സിവില്‍കോടതികള്‍ക്കും നിര്‍ദേശം നല്‍കണം. 1991ലെ നിയമത്തിന് വിരുദ്ധമായി കീഴ്‌ക്കോടതികള്‍ പുറപ്പെടുവിക്കുന്ന സര്‍വെ ഉത്തരവുകള്‍ നടപ്പാക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം.

ഒരു പ്രദേശത്തെ ശാന്തിയും സൗഹാര്‍ദ്ദവും സംരക്ഷിക്കുന്നതിനായിരിക്കണം സംസ്ഥാനസര്‍ക്കാരുകള്‍ പ്രാധാന്യം നല്‍കേണ്ടത്. രാജ്യത്തെ സമാധാന അന്തരീക്ഷം തകരാതിരിക്കാന്‍ ഇത്തരം കേസുകള്‍ ഹൈക്കോടതികളോ സുപ്രിംകോടതിയോ ആയിരിക്കണം പരിഗണിക്കേണ്ടത്. അജ്മീര്‍ ദര്‍ഗ, ഭോജ്ശാല, സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്, ഗ്യാന്‍വാപി മസിജിദ് തുടങ്ങിയ പള്ളികളിലെ സര്‍വേ രാജ്യത്തെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കുകയാണ്. അതിനാല്‍ ആ കേസുകളിലെ നടപടികള്‍ സുപ്രിംകോടതി തടയണം. അത്തരം കേസുകള്‍ 1991ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമപരമല്ലെന്ന് സുപ്രിംകോടതി വിധിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു.

ആരാധനാലയങ്ങളില്‍ സര്‍വെ നടത്തുന്നതിന് 1991ലെ നിയമം തടസമല്ലെന്ന് 2023 ഒക്ടോബര്‍ 13ന് സുപ്രിംകോടതി വിധിച്ചിരുന്നു. വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിധി. അതിന് ശേഷമാണ് നിരവധി മുസ് ലിം പള്ളികളില്‍ സര്‍വെകള്‍ നടത്തണമെന്ന ഹരജികള്‍ വരാന്‍ തുടങ്ങിയത്.

Similar News