പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കലക്ട്രേറ്റിനു മുന്നില്‍ എസ് ഡി പി ഐ ജില്ലാ നേതാക്കളുടെ സത്യഗ്രഹം 10ന്

Update: 2024-07-08 07:59 GMT

കോഴിക്കോട്: സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായിട്ടും മതിയായ സീറ്റുകളും ബാച്ചുകളും അനുവദിക്കാത്ത സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ ജില്ലാ നേതാക്കള്‍ കലക്ട്രേറ്റിനു മുന്നില്‍ സത്യഗ്രഹം സംഘടിപ്പിക്കും. ജൂലൈ 10 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമരം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമേരി അധ്യക്ഷത വഹിക്കും. ജില്ലാ ഭാരവാഹികളും മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരും സത്യാഗ്രഹം ഇരിക്കും. കോഴിക്കോട് ജില്ലയില്‍ 2307 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പഠനത്തിന് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 10000 ഓളം സീറ്റ് കുറവുള്ള മലപ്പുറം ജില്ലയിലടക്കം മലബാര്‍ മേഖലയില്‍ മതിയായ സൗകര്യം ഒരുക്കുന്നതിനു പകരം വിദ്യാഭ്യാസ മന്ത്രി വ്യാജമായ കണക്കുകള്‍ നിരത്തി ജനങ്ങളെ വഞ്ചിക്കുകയാണ്. സ്വകാര്യമാനേജ്‌മെന്റുകള്‍ക്ക് സൗകര്യം ഒരുക്കുന്ന സര്‍ക്കാറുകളുടെ നിലപാടാണ് ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് കാരണം. മാറിമാറി വന്ന സര്‍ക്കാറുകളുടെ ഇത്തരം നിലപാടാണ് മലബാര്‍ മേഖലയില്‍ എല്ലാ വര്‍ഷവും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നത്. തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ അപേക്ഷകരില്ലാതെ ബാക്കിയാവുന്നത് എല്ലാ വര്‍ഷവും നാം കാണുന്നതാണ്. 3086 സീറ്റുകള്‍ ഇത്തവണയും ബാക്കിയാണ്. ഇത്തരം വിവേചന പൂര്‍ണമായ നിലപാട് അവസാനിപ്പിച്ച് കേരളത്തിലെ ഏതു ഭാഗത്തുള്ള വിദ്യാര്‍ഥിക്കും പഠിക്കാനുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേവലം താല്‍ക്കാലിക ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നതിനു പകരം ശാശ്വത പരിഹാരമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ അബ്ദുല്‍ ജലീല്‍ സഖാഫി, ജില്ലാ സെക്രട്ടറി കെ ഷെമീര്‍, സൗത്ത് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഷിജി പങ്കെടുത്തു.

Tags:    

Similar News