പ്ലസ് വണ്‍: ശാശ്വത പരിഹാരത്തിനാവശ്യമായ മലബാര്‍ വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
തിരുവനന്തപുരം: രൂക്ഷമായ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ സമഗ്രമായ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിറ്റ് ആവശ്യപ്പെട്ടു. എസ്എസ്എല്‍സി ഫലം പുറത്തുവന്ന ഉടന്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ രൂക്ഷമാകുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടും ധാര്‍ഷ്ട്യത്തോടെ മുന്നോട്ടു പോയ സര്‍ക്കാരാണ് ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രതിസന്ധിക്ക് ഉത്തരവാദി.
രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ അപേക്ഷിച്ചവരില്‍ 1,15,734 പേര്‍ ഇപ്പോഴും പുറത്തെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. 37,545 സീറ്റാണ് ഇനി ബാക്കിയുള്ളത്. പുറത്ത് നില്‍ക്കുന്നവരില്‍ 27,121 പേര്‍ മലപ്പുറം ജില്ലയിലാണ്. 75,000 സീറ്റുകളെങ്കിലും വര്‍ധിപ്പിച്ചാലേ പ്രശ്‌നം പരിഹരിക്കപ്പെടൂ. ഒരു ബാച്ചില്‍ മാക്‌സിമം ഇപ്പോള്‍ 60 പേരാണ്. 100 പുതിയ ബാച്ച് അനുവദിച്ചാല്‍ പോലും 6,000 സീറ്റേ വര്‍ധിക്കൂ. ഇതെല്ലാം മുന്നില്‍ കണ്ടാണ് വളരെ നേരത്തെ വിദ്യാര്‍ഥി സംഘടനകളും വിദ്യാഭ്യാസ കൂട്ടായ്മകളും പ്രശ്‌ന പരിഹാരത്തിന് സമഗ്ര പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടത്. അപ്പോഴൊക്കെ സംസ്ഥാനത്ത് പത്താം ക്ലാസ് പാസായവര്‍ക്കെല്ലാം പ്ലസ് വണ്‍ സീറ്റുണ്ടെന്ന വിചിത്രമായ വാദം ഉന്നയിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
ഒടുവില്‍ വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ ആകെയുള്ള 78 ല്‍ 50 താലൂക്കുകളിലും പ്ലസ് വണ്‍ സീറ്റ് കുറവുണ്ടെന്നും മുഴുവന്‍ എ പ്ലസ് കിട്ടിയ 5,812 വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ അഡ്മിഷന്‍ ഉറപ്പുവരുത്താനായിട്ടില്ലെന്നും സമ്മതിക്കേണ്ടി വന്നു. എന്നിട്ടും താല്‍ക്കാലിക പരിഹാരങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നത്. വിഷയം സമഗ്രമായി പഠിച്ച് ആവശ്യമായ സ്ഥിരം ബാച്ചുകള്‍ ഓരോ താലൂക്കിലും അനുവദിച്ച് ശാശ്വത പരിഹാരത്തിനാവശ്യമായ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്.
പ്രതിസന്ധിയുടെ ആഴം മനസ്സിലായിട്ടും താല്‍കാലിക പരിഹാര നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വീണ്ടും സീറ്റ് വര്‍ധിപ്പിക്കുന്നതിലൂടെ നേരത്തേ മാര്‍ജിനല്‍ വര്‍ധനവിലൂടെ അധാപക, വിദ്യാര്‍ത്ഥി അനുപാതത്തില്‍ രൂപപ്പെട്ട പ്രതിസന്ധി രൂക്ഷമാകും. ഒരു ക്ലാസില്‍ വിദ്യാര്‍ഥികള്‍ കുത്തിനിറക്കപ്പെട്ട അവസ്ഥയാണ് ഉണ്ടാവുക. അധ്യയനത്തിന്റെ നിലവാരം കുറയും. ചുരുക്കത്തില്‍, ഒരു അനീതിക്ക് പരിഹാരമായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മറ്റൊരു അനീതി മാത്രമായി മാറുമിത്.
അധിക ബാച്ച് എന്ന കാലങ്ങളായി ഉയര്‍ത്തുന്ന ആവശ്യത്തോട് ഇപ്പോഴും 'ആവശ്യമെങ്കില്‍' എന്ന വ്യക്തതയില്ലാത്ത മറുപടിയാണ് സര്‍ക്കാറിന്റെ പ്രതികരണം. അപ്പോഴും സയന്‍സ് ബാച്ചുകളെ കുറിച്ച് മാത്രമാണ് പരാമര്‍ശം. മറ്റ് ഓപ്ഷന്‍സ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ പരിഗണനകള്‍ക്ക് ഇപ്പോഴും പുറത്താണ് എന്നത് ഗൗരവകരമാണ്.
ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്തുകൊണ്ടുള്ള പ്രശ്‌ന പരിഹാരമെന്നത് അപ്രായോഗികമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ബാച്ച് ഷിഫ്റ്റിംഗ് മാത്രമാകും അങ്ങനെ സാധ്യമായാല്‍ തന്നെ നടക്കുക. എയ്ഡഡ് സ്‌കൂളുകളില്‍ അവശേഷിക്കുന്ന ബാച്ച് ഷിഫ്റ്റിംഗ് അപ്രായോഗികമാണ്. അതുകൊണ്ടു തന്നെ ഇരുന്നൂറോളം പുതിയ ബാച്ചുകള്‍ ആവശ്യമായ മലബാര്‍ ജില്ലകളില്‍ ആവശ്യമായതിന്റെ നാലിലൊന്നു പോലും അനുവദിക്കാന്‍ ഇതുവഴി സര്‍ക്കാറിന് സാധിക്കില്ല.
സീറ്റ് വര്‍ധന, താല്‍ക്കാലിക ബാച്ച് വര്‍ധന എന്നിവ പരിഹാരമേയല്ല. ബാച്ചുകള്‍ സ്ഥിരപ്പെടുത്തുകയാണ് വേണ്ടത്. ഏതൊക്കെ താലൂക്കിലാണ് സീറ്റ് കുറവ്, അവിടെ എത്ര ബാച്ച്/സീറ്റ് കൂട്ടും എന്ന് വ്യക്തമാക്കുന്നില്ല. താല്‍ക്കാലിക ബാച്ചുകള്‍ എന്നതിലും കൂടുതല്‍ വ്യക്തത ആവശ്യമാണ്. 50 താലൂക്കില്‍ മതിയായ സീറ്റില്ലെന്ന് സര്‍ക്കാര്‍ തന്നെ അംഗീകരിച്ച സാഹചര്യത്തില്‍ ഈ 50 താലൂക്കിലും പുതിയ ബാച്ച് അനുവദിക്കണം. മാര്‍ജിനല്‍ സീറ്റ് വര്‍ധനയല്ല, പുതിയ ബാച്ചുകള്‍ എന്ന ശാശ്വത പരിഹാരം തന്നെയാണ് നടപ്പാക്കപ്പെടേണ്ടത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തില്‍ അതിവേഗ നടപടിയാണ് വേണ്ടത്.
നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് പ്രതിസന്ധി അംഗീകരിക്കാന്‍ തന്നെ ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. തല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് അപ്പുറമുള്ള ശാശ്വത പരിഹാരമുണ്ടാകുംവരെ, വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാകുംവരെ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സമരരംഗത്തു തുടരുമെന്നും സംസ്ഥാന സെക്രട്ടേറിറ്റ് അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അര്‍ച്ചന പ്രജിത്ത്, അഷ്‌റഫ് കെ കെ, കെ എം ഷെഫ്‌റിന്‍, സനല്‍ കുമാര്‍, തശരീഫ് കെ പി, ലത്തീഫ് പി എച്ച് എന്നിവര്‍ സംസാരിച്ചു.