കാസര്‍കോഡ് ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: പ്രക്ഷോഭം തുടരുമെന്ന് കാംപസ് ഫ്രണ്ട്
കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ വിദ്യാര്‍ഥികളുടെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി. ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്ന സാഹചര്യം തുടര്‍ക്കഥയായി മാറുകയാണെന്നും ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തും വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കാസര്‍കോഡ് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇസ്ഹാഖ് ചൂരി വ്യക്തമാക്കി.
ഈ അധ്യയന വര്‍ഷവും ഉപരിപഠനത്തിന് യോഗ്യത നേടിയ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠനസൗകര്യമില്ലാതെ പുറത്ത് നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. പുതിയ സ്ഥിരം ബാച്ചുകള്‍ അനുവദിക്കുക, ഹയര്‍ സെക്കണ്ടറികളില്ലാത്ത ഉചിതമായ മുഴുവന്‍ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കണ്ടറികളനുവദിക്കുക, കാലങ്ങളായി മറ്റു ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന അധിക സീറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സ്ഥിരമായി കാസര്‍കോഡ് ജില്ലയിലേക്ക് മാറ്റുക തുടങ്ങിയവ മാത്രമാണ് സ്ഥായിയായ പരിഹാരം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജില്ലാ സെക്രടറി ഇസ്ഹാഖ് ചൂരി പറഞ്ഞു.
ജില്ലാ ട്രഷര്‍ കബീര്‍ ബ്ലാര്‍ക്കോഡ് ജില്ലാ വൈസ് പ്രസിഡന്റ സകിയ ടി പി ജോയിന്റ് സെക്രട്ടറി മുന്‍സീറ ബദറുദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.