
പറവൂര്‍: എളന്തിക്കര കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു. പറവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബയോളജി വിദ്യാര്‍ഥിയും പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണികയില്‍ മനീക്ക് പൗലോസിന്റേയും ടീനയുടേയും മകന്‍ മാനവ് (17) ആണ് മരിച്ചത്. ഇന്ന് വൈകിട്ടു നാലുമണിക്കു ശേഷമായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴുപേര്‍ ചേര്‍ന്ന് പുത്തന്‍വേലിക്കര എളന്തിക്കരകോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മാനവ് പുഴയില്‍ മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്ത് കയറിപ്പിടിച്ചെങ്കിലും ഇരുവരും മുങ്ങിപോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പിടിച്ചുകയറ്റിയതിനാല്‍ ഒരാള്‍ രക്ഷപ്പെട്ടു. ആഴമുള്ള പുഴയിലേക്ക് മാനവ് താഴ്ന്നുപോയി.