പിഎം കെയര്‍ ഫണ്ടിലേക്ക് ആദ്യ അഞ്ച് ദിവസം കൊണ്ട് പിരിഞ്ഞത് 3,076 കോടി രൂപ

Update: 2020-09-02 10:05 GMT

ന്യൂഡല്‍ഹി: വിവാദമായ പിഎം കെയര്‍ ഫണ്ടിലേക്ക് ആദ്യ അഞ്ച് ദിവസം കൊണ്ട് പിരിഞ്ഞത് 3,076 കേടി രൂപ. ഇന്ത്യയിലും വിദേശത്തുനിന്നുമയാണ് ഇത്രയും തുക പിരിഞ്ഞുകിട്ടിയത്. 2.25 ലക്ഷം രൂപയുമായി തുടങ്ങിയ പദ്ധതിയിലേക്കാണ് തുടക്കത്തില്‍ തന്നെ ഇത്രയും വലിയ തുക ഒഴുകിയെത്തിയത്.

പ്രധാനമന്ത്രിയുടെ ഓഫിസിലെ വരവ് ചെലവ് വിഭാഗത്തില്‍ നടത്തിയ 2019-20 വര്‍ഷത്തെ ഓഡിറ്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. സാര്‍ക്ക് ആന്റ് അസോസിയേറ്റ്‌സ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനമാണ് ഓഡിറ്റ് നടത്തിയത്. മാര്‍ച്ച് 27നാണ് ഓഡിറ്റുമായി ബന്ധപ്പെട്ട കരാറില്‍ സാര്‍ക്കും പ്രധാനമന്ത്രിയുടെ ഓഫിസിലെ നാല് പേരും ഒപ്പുവച്ചത്.

ആദ്യത്തെ 2.5 ലക്ഷം ആരാണ് സംഭാവന നല്‍കിയതെന്ന കാര്യം വ്യക്തമല്ല. ഫണ്ടിന്റെ നിയമാവലിയനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നിര്‍മല സീതാരാമന്‍ തുടങ്ങിയവരാണ് എക്‌സ് ഓഫിഷ്യോ അംഗങ്ങള്‍. പ്രധാനമന്ത്രിക്ക് മൂന്നു പേരെ നിയമിക്കാനും സാധിക്കും.

ഫണ്ടിലേക്ക് പണം നല്‍കിയവരുടെ പേര് വിവരങ്ങള്‍ ഓഡിറ്റ് കഴിഞ്ഞാലും പൊതുജനങ്ങള്‍ക്ക് ലഭ്യമാവില്ല. പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലും സംഭാവന നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമാണ്.

ഫണ്ടിലേക്ക് വന്ന 3075.85 കോടിയും സ്വമേധയാ ലഭിച്ചതാണ്. 39.67 ലക്ഷത്തിന്റെ വിദേശ സംഭാവനകളും അതുപോലെത്തന്നെ. മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പലിശ ഇനത്തില്‍ മാത്രം ഫണ്ടിന് 35.32 ലക്ഷം രൂപ ലഭിച്ചു. സേവനനികുതി ഇനത്തില്‍ 2,049 രൂപയാണ് അടച്ചിട്ടുള്ളത്. മാര്‍ച്ച് 31 ലെ ക്ലോസിങ് ബാലന്‍സ് 3076.62 കോടിയാണ്.

മാര്‍ച്ച് 13ാം തിയ്യതി 3100 കോടി രൂപ മെയ്ഡ് ഇന്‍ ഇന്ത്യ പ്രകാരം 50,000 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ ഉപയോഗിച്ചു. 500 കിടക്കകളുള്ള ഒരു ആശുപത്രി പണിയുന്നതിനുളള പണം ഈ ഫണ്ടില്‍ നിന്ന് നല്‍കുമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി പറഞ്ഞിരുന്നു.  

Tags:    

Similar News