പിഎം കെയേഴ്‌സ് ഫണ്ട് സിഎജി ഓഡിറ്റിങിനു വിധേയമാക്കില്ലെന്ന് റിപോര്‍ട്ട്
വ്യക്തികളില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും നികുതി രഹിത സംഭാവനകള്‍ സ്വീകരിക്കുന്ന പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ നിന്നും സിനിമാതാരങ്ങളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വന്‍ തുക സംഭാവനയായി ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിനു ദുരിതാശ്വാസത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ട് സിഎജി(കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ) ഓഡിറ്റിങിനു വിധേയമാക്കില്ലെന്ന് റിപോര്‍ട്ട്. വിശ്വസനീയ സ്രോതസ്സുകളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. അടിയന്തിര സാഹചര്യങ്ങളില്‍ ദുരിതാശ്വാസം നല്‍കാനും ദേശീയതലത്തിലെ പ്രതിസന്ധി നേരിടാനുമെന്നു പറഞ്ഞാണ്, പൗരന്‍മാരില്‍ നിന്നു സംഭാവന ആവശ്യപ്പെട്ട് പ്രധാനമന്ത്രി പിഎം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്. വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനകളെ അടിസ്ഥാനമാക്കിയുള്ളതാണ് പിഎം കെയര്‍ ഫണ്ടെന്നും അതിനാല്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനെ ഓഡിറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലെന്നും സിഎജി ഓഫിസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായും മുതിര്‍ന്ന കാബിനറ്റ് അംഗങ്ങളെ ട്രസ്റ്റികളുമാക്കിയാണ് മാര്‍ച്ച് 28ന് പി എം കെയേഴ്‌സ് ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റിമാര്‍ ഞങ്ങളോട് ഓഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നില്ലെങ്കില്‍ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാനാവില്ലെന്ന് സിഎജിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, ട്രസ്റ്റ് നിയോഗിക്കുന്ന സ്വതന്ത്ര ഓഡിറ്റര്‍മാര്‍ പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കൊറോണ വൈറസ് വ്യാപനത്തിനു ശേഷം പ്രധാനമന്ത്രി കോര്‍പറേറ്റുകള്‍, പ്രശസ്തരായ വ്യക്തികള്‍ എന്നിവരില്‍ നിന്ന് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥരോടും പൊതുമേഖലാ സ്ഥാപനങ്ങളോടും മറ്റുള്ളവരോടും പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 1948 മുതല്‍ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്(പിഎംഎന്‍ആര്‍എഫ്) നിലവിലുണ്ടെന്നിരിക്കെ ഇത്തരമൊരു പദ്ധതിയുടെ രൂപീകരണത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യംചെയ്തിരുന്നു. വ്യക്തികളില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും നികുതി രഹിത സംഭാവനകള്‍ സ്വീകരിക്കുന്ന പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ നിന്നും സിനിമാതാരങ്ങളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വന്‍ തുക സംഭാവനയായി ലഭിച്ചിട്ടുണ്ട്.