പ്രധാനമന്ത്രി കിസാന്‍ പദ്ധതി: തമിഴ്‌നാട്ടില്‍ 110 കോടിയുടെ തട്ടിപ്പ്

കാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട 80 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും 34 പേരെ സസ്പെന്‍ഡ് ചെയ്തതായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ബേഡി പറഞ്ഞു.

Update: 2020-09-10 05:42 GMT

ചെന്നൈ: പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലൂടെ തമിഴ്‌നാട്ടില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് 110 കോടിയിലധികം രൂപ തട്ടിയെടുത്തു. തമിഴ്നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗഗന്‍ദീപ് സിംഗ് ബേദി മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ് ഇക്കാര്യം. കഴിഞ്ഞ മാസമാണ് തട്ടിപ്പ് നടന്നത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ അപേക്ഷാ അംഗീകാര സംവിധാനം ഉപയോഗിച്ച് കൃഷിക്കാരല്ലാത്ത പലരെയും നിയമവിരുദ്ധമായി ചേര്‍ക്കുകയായിരുന്നു. പ്രാദേശിക രാഷ്ട്രീയക്കാരുമായി ചേര്‍ന്ന് നടത്തിയ നടത്തിയ തട്ടിപ്പിന് ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ചു.

കല്ലകുരിചി, വില്ലുപുരം, കടലൂര്‍, തിരുവണ്ണാമലൈ, വെല്ലൂര്‍, റാണിപേട്ട്, സേലം, ധര്‍മ്മപുരി, കൃഷ്ണഗിരി, ചെങ്ങല്‍പേട്ട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അഴിമതി നടന്നത്. കൃഷിക്കാരല്ലാത്തവര്‍ക്ക് പദ്ധതിയില്‍ നിന്ന് ഫണ്ട് നല്‍കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് ഫണ്ട് വിതരണം ചെയ്യുന്നതിലെ തട്ടിപ്പ് വെളിച്ചത്തുവന്നത്. കാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട 80 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും 34 പേരെ സസ്പെന്‍ഡ് ചെയ്തതായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ബേഡി പറഞ്ഞു. തട്ടിപ്പിന്റെ ഇടനിലക്കാരെന്ന് തിരിച്ചറിഞ്ഞ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തു. വെട്ടിപ്പു നടത്തിയ 110 കോടി രൂപയില്‍ നിന്ന് 32 കോടി രൂപ സര്‍ക്കാര്‍ കണ്ടെടുത്തു. ബാക്കി പണം അടുത്ത 40 ദിവസത്തിനുള്ളില്‍ വീണ്ടെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

Tags:    

Similar News