15കാരിയെ വ്യവസായിക്ക് കൈമാറിയെന്ന്; വ്യവസായിയും ഇളയച്ഛനും പോക്‌സോ പ്രകാരം അറസ്റ്റില്‍
തലശ്ശേരി: ഇളയച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ എത്തിച്ചു നല്‍കിയ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തലശ്ശേരി കുയ്യാലിയിലെ വ്യവസായ പ്രമുഖനെ ധര്‍മ്മടം പോലിസ് അറസ്റ്റ് ചെയ്തു. തലശ്ശേരിയിലും ഗള്‍ഫിലുമായുള്ള നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷര്‍ഫുദ്ദീനെ(69) യെയാണ് ധര്‍മ്മടം പോലിസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതേ സംഭവത്തില്‍ കുറ്റാരോപിതനായ മുഴപ്പിലങ്ങാട് സ്വദേശിയും ഇപ്പോള്‍ കതിരൂരില്‍ താമസക്കാരനുമായ 38 കാരനെ ഇക്കഴിഞ്ഞ ഞായറാഴ്ച കതിരൂര്‍ സിഐ സിജു അറസ്റ്റ് ചെയ്തിരുന്നു. കതിരൂര്‍ ആറാം മൈലിലെ വീട്ടില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റ് നടത്തിയത്. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവാണിയാള്‍. ഇയാളും ഇളയമ്മയും കൂടിയാണ് പെണ്‍കുട്ടിയെ വ്യവസായ പ്രമുഖന് കാഴ്ചവച്ചതെന്നാണ് പരാതി.
നിര്‍ധനയായ പെണ്‍കുട്ടിക്ക് വീട് വച്ച് തരാമെന്ന് വാഗ്ദാനം ചെയ്തും പണം നല്‍കിയുമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇരയായ പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. തട്ടിക്കൊണ്ടു പോകല്‍, ലൈംഗിക പീഡനശ്രമം, ലൈംഗിക ചുവയോടെ സമീപിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നേരത്തേ ഇളയമ്മയ്‌ക്കെതിരെ കതിരൂര്‍ പോലിസ് കേസെടുത്തിരുന്നു. ഇത് തുടരന്വേഷണത്തിനായി ധര്‍മ്മടം പോലീസിന് കൈമാറുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു ഇളയമ്മയും ഭര്‍ത്താവും ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. ഇളയമ്മയെ ഡോക്ടറെ കാണിക്കാന്‍ കൂടെ വരണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് കുയ്യാലിയിലെ വ്യവസായ പ്രമുഖന് കൈമാറിയെന്നാണ് പരാതി. പീഡനശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുവായ യുവാവ് ഇടപെട്ട് കൗണ്‍സിലിങിന് വിധേയമാക്കിയതോടെയാണ് ലൈംഗിക പീഡനം പുറത്തറിഞ്ഞത്. ഇന്‍സ്പക്ടര്‍ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലിസ് ഉദ്യോഗസ്ഥരാണ് ഉച്ചയോടെ വീട്ടിലെത്തി പിടികൂടിയത്.
POCSO: Businessman and step brother arrested