പോക്‌സോ നിരീക്ഷണ സംവിധാനം: വിദഗ്ധ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് കൂടിയാലോചനാ യോഗം

Update: 2022-04-26 12:28 GMT

തിരുവനന്തപുരം: പോക്‌സോ നിയമം പഴുതടച്ച രീതിയില്‍ നടപ്പാക്കുന്നതിനായി നിരീക്ഷണസംവിധാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനാ യോഗം നടന്നു. വനിതാ ശിശു വികസന വകുപ്പ്, ആഭ്യന്തര വകുപ്പ്, ആരോഗ്യവകുപ്പ്, കേരള നിയമ സേവന അതോറിറ്റി, കുട്ടികളുടെ പ്രത്യേക കോടതി, സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി പട്ടികവികസന വകുപ്പ് തുടങ്ങി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് നിരീക്ഷണ സംവിധാനത്തിന് രൂപം നല്‍കുന്നത്.

ലൈംഗികാതിക്രമങ്ങള്‍ക്കിരയാവുന്ന പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലെ കുട്ടികള്‍ എന്നിവരുടെ സംരക്ഷണം, പുനരധിവാസം, മുഖ്യധാരയിലേക്ക് കൊണ്ടുവരല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടലുകള്‍ അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട മേഖലകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കൃത്യമായ ബോധവത്ക്കരണം നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു. പോക്‌സോ ആക്റ്റ് ചുമത്തുന്ന കേസുകളില്‍ ഇര പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെങ്കില്‍ എസ്‌സി, എസ്ടി (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റിസ്) ആക്റ്റ് കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ അതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയാല്‍ വിവരം ബന്ധപ്പെട്ട വകുപ്പുകളെ അധ്യാപകര്‍ അറിയിക്കണം.

അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ കൗണ്‍സലിങ് നല്‍കണം. വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ശ്രദ്ധ നല്‍കണമെന്നും നിര്‍ദേശമുണ്ടായി. യോഗത്തില്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി ഉജ്വല്‍കുമാര്‍, കെഎസ്‌സിആര്‍ബി ഡിവൈഎസ്പി പി പി കരുണാകരന്‍, പട്ടികജാതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി സജീവ്, പട്ടിക വര്‍ഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വൈ ബിബിന്‍ ദാസ്, നിര്‍ഭയ സെല്‍ എസ്‌സിഒ ശ്രീല മേനോന്‍, കേരളം പോലിസ് അഡീഷനല്‍ എസ്പി ബി എസ് ബിജുമോന്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ ബി ബബിത, പി പി ശ്യാമളാദേവി, റെനി ആന്റണി, വിജയകുമാര്‍, സെക്രട്ടറി അനിതാ ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News