ജഹാംഗീര്‍പുരിയിലെ പോലിസ് അതിക്രമം: ഒരു സമുദായത്തെ ലക്ഷ്യമിട്ട നടപടിയെന്ന് ഹരജിക്കാര്‍; സുപ്രിംകോടതിയില്‍ വാദം തുടങ്ങി
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണം ആരോപിച്ച് മുസ് ലിം വീടുകളും സ്ഥാപനങ്ങളും നിയമവിരുദ്ധമായി ഇടിച്ചുതകര്‍ക്കുന്നതിനെതിരേ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. ജസ്റ്റിസ് എല്‍ എന്‍ റാവു, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
ഹനുമാന്‍ ജയന്തിയുടെ ഭാഗമായി ഹിന്ദുത്വര്‍ ജഹാംഗീര്‍പുരിയിലെ മുസ് ലിംകള്‍ക്കും പള്ളികള്‍ക്കും എതിരേ ആക്രമണം നടത്തി തൊട്ടടുത്ത ദിവസമാണ് അനധികൃതമായി വീടുകളും സ്ഥാപനങ്ങളും പോലിസ് തകര്‍ത്തത്. തകര്‍ക്കപ്പെട്ടതില്‍ ഒരു പള്ളിയുടെ കവാടവും ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം മുസ് ലിം സംഘടന നല്‍കിയ ഹരജിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടെങ്കിലും പൊളിക്കാന്‍ നേതൃത്വം നല്‍കിയ നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ അനുസരിച്ചില്ല. ഉത്തരവ് കയ്യില്‍ കിട്ടിയില്ലെന്നായിരുന്നു പറഞ്ഞത്. വീണ്ടും സുപ്രിംകോടതി ഇടപെട്ടതോടെയാണ് താല്‍ക്കാലികമായി പൊളിക്കല്‍ നിര്‍ത്തിവച്ചത്.
ജമാഅത്ത് ഉലമയെ ഹിന്ദ് ആണ് ഹരജി സമര്‍പ്പിച്ചത്. കബില്‍ സിബല്‍, ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷന്‍ എന്നിവരാണ് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരാവുന്നത്.
ഏത് നിയമമനുസരിച്ചാണ് നോട്ടിസ് നല്‍കണമെന്ന് പറയുന്നതെന്നായിരുന്നു കോടതിയുടെ ഹരജിക്കാരോടുളള ആദ്യ ചോദ്യം. മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ദുഷ്യന്ത് ദാവെ മറുപടി പറഞ്ഞു. മാത്രമല്ല, കുടിയൊഴിപ്പിക്കുന്നവര്‍ക്ക് അഭയം നല്‍കണമെന്നും പറഞ്ഞിട്ടുണ്ട്.
ഒരു സമുദായത്തെ ലക്ഷ്യമിട്ടാണ് കോര്‍പറേഷന്റെ നടപടിയെന്ന് ഹരജിക്കാര്‍ ആരോപിച്ചു. 1,731 അനധികൃത കോളനികള്‍ ഉണ്ട്. അവിടെ 50 ലക്ഷം പേരും താമസിക്കുന്നുണ്ട്. പക്ഷേ, ഒരു സമുദായത്തെ മാത്രം ലക്ഷ്യം വച്ചാണ് നടപടിയെടുക്കുന്നത്.
ഒരു രാത്രിയാണ് കോര്‍പറേഷന്‍ ഉത്തരവിറക്കിയത്. രാവിലെ പൊളിക്കാന്‍ തുടങ്ങി. ഉടന്‍ സുപ്രിംകോടതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഈ പ്രശ്‌നം സമൂഹത്തിന്റെ ഘടനയെത്തന്നെ ബാധിക്കുന്നതാണ്. ഇത് തുടരാന്‍ അനുവദിച്ചാല്‍ രാജ്യത്ത് ജനാധിപത്യമെന്ന ഒന്ന് ബാക്കിയുണ്ടാവില്ല. നിയമവ്യവസ്ഥയുമുണ്ടാവില്ല. ബിജെപിയുടെ ഡല്‍ഹി ഘടകം മേധാവിയാണ് പൊളിക്കലിന് ഉത്തരവിട്ടത്. മുനിസിപ്പല്‍ നിയമമനുസരിച്ച് നോട്ടിസ് നല്‍കണം. ജഹാംഗീര്‍പുരി സംഭവം രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ദാവെ പറഞ്ഞു.
കോടതി അതില്‍ വിശദീകരണം ചോദിച്ചു. ഒരു പ്രദേശത്തെ പ്രശ്‌നം എങ്ങനെ ദേശീയപ്രാധാന്യമുള്ളതാവും?
ഇപ്പോള്‍ പ്രശ്‌നം നടക്കുന്നത് കലാപം നടന്ന പ്രദേശത്താണ്. 1984, 2002 ലെ പോലെയല്ല. ഇപ്പോഴെന്താണ് പെട്ടെന്ന്? കയ്യേറ്റത്തെക്കുറിച്ച് ഡല്‍ഹിയില്‍ ചില നിയമങ്ങളുണ്ട്. ഇത് അസാധാരണമായിരിക്കുന്നു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിടുന്നു. നമ്മുടെ ഭരണഘടനാ വിധാതാക്കള്‍ നമുക്ക് നല്‍കിയ ചില മുന്നറിയിപ്പുകളുണ്ട്.
വാദം തുടരുന്നു.