മയക്കുമരുന്നു കേസിലെ പ്രതികളെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് പോലിസിന്റെ പകപോക്കല്‍; എസ്ഡിപിഐ

Update: 2022-03-24 13:34 GMT

കണ്ണൂര്‍: കണ്ണൂരില്‍ മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട യുവാവിനെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ പോലിസ് ശ്രമിക്കുന്നതായി എസ്ഡിപിഐ. കഴിഞ്ഞ കാലങ്ങളില്‍ പോലിസിനെ വിവിധ വിഷയങ്ങളില്‍ വിമര്‍ശിച്ചതിനുള്ള പക തീര്‍ക്കുകയാണെന്നും എസ്ഡിപിഐ സിറ്റി കമ്മിറ്റി പ്രസിഡന്റ് സി എച്ച് ഫാറൂഖ് പറഞ്ഞു.

കണ്ണൂര്‍ സിറ്റിയില്‍ ഫാറൂഖ് എന്ന പ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം മയക്കുമരുന്നിനെതിരേയുള്ള നീക്കം ശക്തമാക്കിയതാണ്. ലഹരിക്കെതിരേ നീക്കം നടത്തിയതാണ് പോലിസിനെ പ്രകോപിപ്പിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. 

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് എസ്ഡിപിഐയില്‍ നില്‍ക്കാനാവില്ല. മൂന്ന് മാസം മുമ്പ് മയക്കുമരുന്നു കേസില്‍ പിടികൂടിയപ്പോള്‍ ഇല്ലാത്ത എസ്ഡിപിഐ ബന്ധം ഇപ്പോള്‍ കണ്ടെത്തുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നു ബന്ധം ആരോപിച്ചതുകൊണ്ട് ലഹരിമരുന്നിനെതിരേയുള്ള സമരപരിപാടിയില്‍ നിന്ന് പാര്‍ട്ടി പിന്തിരിയില്ലെന്നും മറിച്ചുള്ള പ്രചാരണം വ്യാമോഹമാണെന്നും ഫാറൂഖ് പറഞ്ഞു.

തയ്യില്‍ ചെറിയ ചിന്നപ്പന്റവിട വീട്ടില്‍ അന്‍സാരിയെയാണ് (33)മയക്കുമരുന്നു കേസില്‍ പിടികൂടിയത്. അന്‍സാരിയുടെ ഭാര്യ കുറുവനേമല്‍ സിസി ശബ്‌നയെയും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ആകെ 6 പേരെ അറസ്റ്റ് ചെയ്തു.

Tags:    

Similar News