പിസി അബ്ദുല്ല
കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിനെ ആദ്യം അറസ്റ്റ് ചെയ്തതു മുതലുള്ള സര്‍ക്കാരിന്റെയും പോലിസിന്റെയും നാടകം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമെത്തിയപ്പോള്‍ കൂടുതല്‍ പരിഹാസ്യവും നാണംകെട്ടതുമായി. ജാമ്യവ്യവസ്ഥയുടെ ഭാഗമായി
ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന നോട്ടിസ് കാറ്റില്‍ പറത്തിയ ജോര്‍ജിനെതിരെ പോലിസ് ചെറുവിരല്‍ അനക്കിയില്ല. എന്നുമല്ല, പോലിസിന്റെ നിഷ്‌ക്രിയത്വം ജോര്‍ജിന് കൂടുതല്‍ അവസരങ്ങളൊരുക്കുകയും മാധ്യമശ്രദ്ധയും നേടിക്കൊടുക്കുകയും ചെയ്തു.
പാലാരിവട്ടം പോലിസ് ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗക്കേസില്‍ വെണ്ണല ക്ഷേത്രം ഭാരവാഹികള്‍ അന്വേഷണപരിധിയിലാണെന്നാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നേരത്തെ അറിയിച്ചത്. തിരുവനന്തപുരത്ത് മതവിദ്വേഷം പ്രസംഗിച്ചതിന് നിയമനടപടി നേരിടുന്ന ജേര്‍ജിനെ വെണ്ണലയില്‍ കൊണ്ടുവന്ന് പ്രസംഗിപ്പിച്ച ക്ഷേത്രംഭാരവാഹികളുടെ നടപടിയില്‍ ഗൂഢാലോചന സംശയിക്കുന്നതായും കമ്മീഷണര്‍ പറഞ്ഞിരുന്നു.
എന്നാല്‍, തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടിസ് ധിക്കരിച്ച് ഇന്ന് ജോര്‍ജ് ആദ്യമെത്തിയത് വെണ്ണല ക്ഷേത്രത്തിലാണ്. ജോര്‍ജിന്റെ കലാപ നീക്കത്തിന് കൂട്ടുനിന്നുവെന്ന് പോലിസ് സംശയിക്കുന്ന വെണ്ണല ക്ഷേത്രം ഭാരവാഹികള്‍, കടുത്ത ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ച ജോര്‍ജിന്, ഇന്ന് വീണ്ടും വേദിയൊരുക്കിയിട്ടും പോലിസ് അത് വിലക്കാന്‍ തയ്യാറായില്ല. പുറമെ നിന്നുള്ള ബിജെപി നേതാക്കളടക്കം വര്‍ഗീയ, രാഷ്ട്രീയലക്ഷ്യമിട്ട് വെണ്ണല ക്ഷേത്രത്തില്‍ ജോര്‍ജിനെ സ്വീകരിക്കാനെത്തിയതും പോലിസ് കണ്ടില്ലെന്ന് നടിച്ചു. പാലാരിവട്ടം പോലിസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത്, ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം പോലും നിഷേധിച്ച വര്‍ഗീയവിദ്വേഷക്കേസില്‍ ഗൂഢാലോചന സംശയിക്കുന്ന ക്ഷേത്രത്തില്‍ അന്വേഷണം നടക്കുന്നതിനിടെ അതേ കേസിലെ പ്രതി വീണ്ടുമെത്തി എന്നത് കടുത്ത നിയമലംഘനമാണ്. എന്നാല്‍, പോലിസ് തികഞ്ഞ നിഷ്‌ക്രിയത്വം പാലിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാവണമെന്നതടക്കമുള്ള വ്യവസ്ഥകളിലാണ് ഹൈക്കോടതി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. ഈ ജാമ്യ ഉപാധി പരസ്യമായി ലംഘിച്ചാണ് ജോര്‍ജ് ഇന്ന് തൃക്കാക്കരയിലെത്തി പോലിസിനെ തെറിപറയുകയും മുഖ്യമന്ത്രിയെ പരിസഹിക്കുകയുമൊക്കെ ചെയ്തത്.
ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ ജാമ്യ ഉപാധികളുടെ ലംഘനമായി കണക്കാക്കുമെന്ന് പോലിസ് രണ്ടാമതും നല്‍കിയ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് പി സി ജോര്‍ജ് തൃക്കാക്കരയില്‍ ബിജെപി പ്രചാരണത്തിനെത്തുന്നത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ മുമ്പാകെ ഹാജരാകാന്‍ കഴിഞ്ഞ ദിവസമാണ് പോലിസ് നോട്ടിസ് നല്‍കിയത്. ആദ്യം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാര്‍ത്താകുറിപ്പ് ഇറക്കി. എന്നാല്‍, പിന്നീടുള്ള ജോര്‍ജിന്റെ സ്വരം വെല്ലുവിളിയുടേതായിരുന്നു.
തൃക്കാക്കര പ്രചാരണവും ഉപതിരഞ്ഞെടുപ്പും കഴിയുന്നതു വരെ ജോര്‍ജിനെ ലൈവാക്കി നിര്‍ത്തി ധ്രുവീകരണമുണ്ടാക്കാനും വോട്ടു തട്ടാനുമുള്ള ശ്രമമാണ് സര്‍ക്കാരിന്റേതെന്ന ആക്ഷേപമാണ് അവസാന മണിക്കൂറിലും ബലപ്പെടുന്നത്.