കൊലയാളി സംഘത്തിനൊപ്പം യൂനിഫോമില്‍ മദ്യസല്‍ക്കാരം: പോലിസുകാരന്റെ സസ്പെന്‍ഷനിലേക്ക് നയിച്ച ചിത്രം പുറത്ത്
കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസിലെ പ്രതിയായ അയിരൂപ്പാറ കുട്ടനാണ് മദ്യസല്‍ക്കാരം സംഘടിപ്പിച്ചത്
തിരുവനന്തപുരം: പോത്താന്‍കോട് ഗുണ്ടാ സംഘത്തിനൊപ്പം യൂനിഫോമില്‍ മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന പോലിസുകാരന്റെ ഫോട്ടോ പുറത്ത്. പോത്തന്‍കോട് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ജിഹാന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസിലെ പ്രതിയായ അയിരൂപ്പാറ കുട്ടനാണ് മദ്യപാര്‍ട്ടി സംഘടിപ്പിച്ചത്. ദീപുവിനെ കൊന്ന അതേ ദിവസം തന്നെയാണ് മദ്യസത്കാരം നടന്നതെന്നും സൂചനയുണ്ട്. കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളായവരും മദ്യപാന സംഘത്തിലുണ്ടായിരുന്നു.
യൂനിഫോമില്‍ ഗുണ്ടകള്‍ക്കൊപ്പം മദ്യപിക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐജി നിശാന്തിനിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്ന് ജിഹാനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശ നല്‍കിയെന്ന ആരോപണത്തിലും ജിഹാനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
ദീപു മരിച്ചത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരു മാസം മുന്‍പാണ് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന മെന്റല്‍ ദീപു മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. തിരുവനന്തപുരം ചന്തവിളയില്‍ മദ്യപാനത്തിനിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു ദീപുവിന് പരുക്കേറ്റത്. വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ ദീപുവിന്റെ തലയ്ക്ക് കുപ്പി കൊണ്ട് തലയ്ക്ക് അടിയേല്‍ക്കുകയും കല്ല് കൊണ്ട് തലയിലും നെഞ്ചിലും ഇടിയേല്‍ക്കുകയും ചെയ്തു. അരമണിക്കൂറിലേറെ റോഡരികില്‍ ചോരവാര്‍ന്ന് കിടന്ന ദീപുവിനെ പോലിസ് ആണ് ആശുപത്രിയിലെത്തിച്ചത്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ദീപു. കഴക്കൂട്ടത്ത് പച്ചക്കറികടയില്‍ കയറി ജീവനക്കാരനെ വെട്ടിക്കൊന്ന കേസിലും 2020 സെപ്റ്റംബറില്‍ സംഘാഗമായ ശരത്ലാലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ് ദീപു.